Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിലൂടെ യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് മുന്നിൽ ലജ്ജാകരമായി കീഴടങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻ എൽഡിഎഫ് സർക്കാർ ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് മുന്നോട്ട് പോകുകയല്ലാതെ മറ്റ് വഴികളില്ലെന്ന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ വാദങ്ങളെ ശക്തമായി എതിർത്ത പ്രതിപക്ഷം, സഭ ബഹിഷ്കരിക്കുകയും ചെയ്തു.
2025 ഒക്ടോബറിൽ ധാരണാപത്രം ഒപ്പിട്ടെങ്കിലും കഴിഞ്ഞ എൽഡിഎഫ് സർക്കാർ അത് 20 ദിവസത്തിനകം മരവിപ്പിച്ച് കേന്ദ്രത്തിന് കത്തയച്ചിരുന്നു. കേരളത്തിൽ പദ്ധതി നടപ്പിലായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ തന്നെ സുപ്രീംകോടതിയിൽ സമ്മതിച്ചതാണ്. ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് മാത്രം പദ്ധതിയാകില്ല. ഓരോ ബ്ലോക്കിലും രണ്ട് സ്കൂളുകൾ വീതം തെരഞ്ഞെടുക്കുക, സ്കൂൾ വിവരങ്ങൾ പോർട്ടൽ വഴി കേന്ദ്രത്തെ അറിയിക്കുക, മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കുക തുടങ്ങിയ യാതൊരു തുടർനടപടികളും കഴിഞ്ഞ സർക്കാർ ചെയ്തിട്ടില്ല.
പുതിയ സർക്കാർ വിചാരിച്ചാൽ മാത്രമേ ഈ പദ്ധതി ഇനി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ. എന്നാൽ ആർഎസ്എസ് അജണ്ടകൾക്ക് മുന്നിൽ കീഴടങ്ങി, പദ്ധതി രഹസ്യമായി നടപ്പിലാക്കാനുള്ള കരുക്കളാണ് സർക്കാർ ഇപ്പോൾ നീക്കുന്നത്. "അധികാരത്തിൽ വന്നാൽ ഒഴുക്കിക്കളയും" എന്ന് വീരവാദം പറഞ്ഞവർ എവിടെപ്പോയെന്നും പിണറായി വിജയൻ ചോദിച്ചു.
Kerala
തിരുവനന്തപുരം: ലഹരിക്കെതിരേയുള്ള കേരള സർക്കാരിന്റെ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് പിന്തുണ തേടി അയൽസംസ്ഥാനങ്ങൾക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്. ലഹരിക്കടത്തിനെതിരെയുള്ള സംയുക്ത പോരാട്ടത്തില്‍ പങ്കാളികളാകാൻ അഭ്യര്‍ഥിച്ചുകൊണ്ടാണ് കത്ത്.
ലഹരി മാഫിയകൾ സംസ്ഥാനാന്തര ശൃംഖലകളായാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. അതിർത്തി മേഖലകൾ, പ്രധാന റോഡ് ഇടനാഴികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ലഹരി കടത്തിനായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് സർക്കാർ വിലയിരുത്തുന്നു.
നിലവിൽ പല അന്തർസംസ്ഥാന ലഹരി കടത്തുകാരെയും പിടികൂടാൻ കേരള പോലീസിന് സാധിച്ചിട്ടുണ്ട്. എന്നാൽ, ഈ മാഫിയകളെ പൂർണ്ണമായും തകർക്കാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള തത്സമയ വിവര കൈമാറ്റവും സംയുക്ത ഓപ്പറേഷനുകളും അനിവാര്യമാണെന്ന് സർക്കാർ വിശ്വസിക്കുന്നുവെന്ന് കത്തിൽ പറയുന്നു.
ലഹരിമാഫിയകളുടെ സാമ്പത്തിക ശൃംഖലകൾ തകർക്കാനും അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുമാണ് ഓപ്പറേഷൻ തൂഫാനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് സംയുക്ത കർമ്മപദ്ധതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, പുട്ട വിക്രമാദിത്യ എന്നിവരടങ്ങുന്ന ഉന്നത സംഘം അയൽ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്താൻ തയ്യാറാണെന്നും കത്തിൽ പറയുന്നുണ്ട്.
Kerala
തിരുവനന്തപുരം: കോഴിക്കോടു നിന്നും മൂന്നാം ക്ലാസുകാരിയായ റനാ ഫാത്തിമ തിരുവനന്തപുരത്തെത്തിയത് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്കാൻ.
സംസ്ഥാനത്തെ സ്കൂളുകളിൽ നീന്തൽ പരിശീലനം നിർബന്ധമാക്കണമെന്ന ആവശ്യവുമായാണ് തോട്ടുമുക്കം ഗവണ്മെന്റ് യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി റനാ ഫാത്തിമ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കാണാനെത്തിയത്.
പുഴകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുട്ടികൾ മുങ്ങിമരിക്കുന്ന ദാരുണ സംഭവങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ഈ എട്ടുവയസുകാരി തന്റെ ആവശ്യവുമായി തലസ്ഥാനത്തെത്തിയത്. നിയമസഭയിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശനെയും വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനെയും നേരിൽകണ്ട് റന നിവേദനം സമർപ്പിച്ചു.
തിരുവന്പാടി നിയോജകമണ്ഡലം എംഎൽഎ സി.കെ. കാസിമിന്റെ നേതൃത്വത്തിലാണ് റനയും കുടുംബവും മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും സന്ദർശിച്ചത്.
ഇത്രയും ചെറിയ പ്രായത്തിൽ തന്നെ വലിയ സാമൂഹിക പ്രതിബദ്ധതയോടെ ഇത്തരം ഒരു ദൗത്യത്തിന് മുന്നിട്ടിറങ്ങിയ റനയുടെ ശ്രമത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പ്രത്യേകം പ്രശംസിച്ചു.
റനയുടേത് വളരെ മികച്ചൊരു ചുവടുവയ്പ്പാണെന്നും, ഈ ആവശ്യത്തെ ഏറെ ഗൗരവത്തോടെ കണ്ട് അനുകൂലമായ തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്താമെന്നും ഇരുവരും ഉറപ്പുനൽകി.
മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും നേരിട്ട് കണ്ടതിൽ സന്തോഷമുണ്ടെന്നും തന്റെ നിവേദനത്തെക്കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു എന്നും എല്ലാം നമുക്ക് ശരിയാക്കാം എന്നു ഇരുവരും പറഞ്ഞിട്ടുണ്ടെന്നും റന ഫാത്തിമ പറഞ്ഞു.
Kerala
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ബജറ്റിൽ ഏർപ്പെടുത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ തീരുമാനം തിരുത്തുമോ എന്ന് ഇന്നറിയാം. ബജറ്റ് ചർച്ചകൾക്ക് മുഖ്യമന്ത്രി ഇന്നു മറുപടി പറയുന്നുണ്ട്.
കോണ്‍ഗ്രസിലും യുഡിഎഫിലുമുണ്ടായ പ്രതിഷേധങ്ങളുടെ ഭാഗമായി പ്രഖ്യാപനത്തിൽ നിന്നു പിന്മാറുമോ എന്ന് ഇന്നു നിയമസഭയിൽ നൽകുന്ന മറുപടിയിൽ അറിയാനാകും.
മദ്യനയത്തിലെ മാറ്റം അഴിമതിയുടെ ഭാഗമാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നു. യുഡിഎഫിന്റെ പ്രഖ്യാപിത മദ്യനയത്തിനു വിരുദ്ധമായ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന ആരോപണം കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളും യുഡിഎഫ് ഘടകകക്ഷികളും ഉന്നയിക്കുന്നു.
സർക്കാരിന്റെ ഇപ്പോഴത്തെ മദ്യമൊഴുക്കാനുള്ള തീരുമാനത്തിനെതിരേ കെസിബിസി അടക്കമുള്ള സംഘടനകളും എതിർപ്പുമായി രംഗത്തുണ്ട്.
എന്നാൽ, മദ്യം വിതരണം ചെയ്തു കേരളത്തെ മദ്യാലയമാക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മുൻ എൽഡിഎഫ് സർക്കാർ രൂപീകരിച്ച ചട്ട ഭേദഗതിയിൽ നികുതി നിശ്ചയിക്കുക മാത്രമാണ് ചെയ്തതെന്ന വാദമാണ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവർ ഉന്നയിക്കുന്നത്.
ബക്കാർഡി കന്പ നിയുടെ മദ്യം വിതരണം ചെയ്യുന്നതിനുള്ള ഒരു നടപടിയുമായും സർക്കാർ മുന്നോട്ടു പോയിട്ടില്ലെന്നും മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവർ പറയുന്നു.
Kerala
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിലെ അനർഹരെ ഒഴിവാക്കാനും അർഹരായവർക്കെല്ലാം ലഭിക്കുന്നതിനുമായി മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്കരിക്കണമെന്ന ടി.പി. അഷ്റഫലിയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
2000 ചതുരശ്ര അടിയോ അതിനു മുകളിലോ വീടുള്ളവർ, 1000 സിസിയോ അതിനുമുകളിലോ എൻജിൻ കപ്പാസിറ്റിയോ ഉള്ള കാർ സ്വന്തമായി ഉള്ളവർ, നിശ്ചിത പരിധിക്കു മുകളിൽ ഭൂമി സ്വന്തമായി ഉള്ളവർ തുടങ്ങിയവർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കില്ലെന്ന മാനദണ്ഡങ്ങളാണ് നിലവിലുള്ളത്.
ഇക്കാര്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നതു സർക്കാർ പരിശോധിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി. വസീഫ്. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വി.ഡി. സതീശന്, മേനോന് സതീശനായി. പിന്നീട് പൂക്കി സതീശനായി, ഇപ്പോള്‍ ബക്കാര്‍ഡി സതീശനായെന്നും വസീഫ് പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കള്ളത്തരം പുറത്തുവന്നു. എക്സൈസ് മന്ത്രിയോട് പോലും കൂടിയാലോചിക്കാതെയാണ് സതീശന് തീരുമാനമെടുത്തിരിക്കുന്നതെന്നും വസീഫ് ആരോപിച്ചു.
എഐസിസിയുടെ പിന്തുണയൊന്നും വേണ്ടെന്ന നിലപാടാണ് സതീശനുള്ളത്. അദ്ദേഹത്തിന് ഇത്തരത്തിലുള്ളൊരു ധൈര്യം നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയുമാണെന്നും വസീഫ് വിമർശിച്ചു.
കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും മദ്യ കമ്പനികള്‍ക്കും കുടപിടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളത്. കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും പറഞ്ഞാല്‍ സതീശന് അംഗീകരിക്കില്ല. അങ്ങനെ അംഗീകരിച്ചാൽ മോദിയും അദാനിയും ബക്കാര്‍ഡി കമ്പനിയും അദ്ദേഹത്തിനെതിരാകുമെന്നും വസീഫ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ തള്ളി മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ. മുഖ്യമന്ത്രി പദവിയെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു.
ജി. സുകുമാരൻ നായർ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ നടത്തിയ പരാമർശങ്ങളെ തള്ളിയാണ് ഗണേഷ് കുമാർ രംഗത്തെത്തിയത്. ഏത് പാർട്ടിക്കാരായാലും മുഖ്യമന്ത്രിക്ക് നൽകേണ്ട മര്യാദ നൽകണമെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയെ "അവൻ, ഇവൻ' എന്നൊക്കെ വിളിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി വന്ന് തന്റെ കാലുപിടിക്കണമെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രയോഗങ്ങൾ അന്തസില്ലായ്മയും തറവാടിത്തമില്ലായ്മയുമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അഡ്രസ് കളയുമെന്ന സുകുമാരൻ നായരുടെ പ്രസ്താവനയിലും ഗണേഷ് കുമാർ പ്രതികരിച്ചു. ആർ. ബാലകൃഷ്ണപിള്ളയുടെ മകൻ എന്നതാണ് തന്റെ അഡ്രസ്. 19ാം വയസിൽ അഭിനയരംഗത്ത് എത്തി. ലോകമറിയുന്ന കലാകാരനായി മാറി.
കഴിഞ്ഞ 25 വർഷമായി പൊതുരംഗത്ത് സജീവമായി നിൽക്കുന്ന പൊതുപ്രവർത്തകനാണ് താൻ. ജനങ്ങളുടെ ഔദാര്യം മാത്രമാണ് തനിക്കുള്ളത്. ഇത് മറ്റാരുടെയും ഔദാര്യം കൊണ്ടോ വളഞ്ഞ വഴികളിലൂടെയോ ഉണ്ടായതല്ല. അതുകൊണ്ട് തന്റെ അഡ്രസ് ഇല്ലാതാക്കാൻ ആർക്കും സാധിക്കില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി വി. ഡി. സതീശൻ ഇന്ന് നിയമസഭയിൽ വിശദീകരണം നൽകും. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാകും മുഖ്യമന്ത്രി സർക്കാരിന്റെ ഔദ്യോഗിക നിലപാട് അറിയിക്കുക.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിക്കെതിരെ കോൺഗ്രസിലും യുഡിഎഫിലും വലിയ രീതിയിലുള്ള അതൃപ്തിയും തർക്കങ്ങളും നിലനിൽക്കുകയാണ്. വി. എം. സുധീരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ പരസ്യ വിമർശനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിൽ, പ്രഖ്യാപനത്തിൽ സർക്കാർ എന്തെങ്കിലും തിരുത്തലുകൾ വരുത്തുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് സർക്കാർ ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോകുമോ, അതോ മുൻ സർക്കാരിന്റെ നയങ്ങളെ മുൻനിർത്തി നിലവിലെ നികുതി ഘടനയുമായി മുന്നോട്ട് പോകുമോ എന്നതിൽ ആകാംക്ഷ തുടരുകയാണ്. വിഷയം സഭയിൽ അടിയന്തര പ്രമേയമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
Kerala
തിരുവനന്തപുരം: ക്ഷേമ പെൻഷൻ 3000 രൂപയാക്കുക എന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിൽ കാലതാമസം വരില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ക്ഷേമ പെൻഷൻ അർഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയ സംവിധാനം സർക്കാർ ഗൗരവതരമായി ആലോചിക്കുന്നുണ്ടെന്നും നിയമസഭയിലെ ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ക്ഷേമ പെൻഷൻ 3000 രൂപയാക്കുമെന്ന യുഡിഎഫ് വാഗ്ദാനം എൽഡിഎഫ് നൽകിയ വാഗ്ദാനം പോലെ ആയിരിക്കില്ല. എൽഡിഎഫ് 2500 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ആദ്യ എൽഡിഎഫ് സർക്കാറിന്റെ കാലാവധി തീരാനിരിക്കെയാണ് 1500 ഉള്ളത് 100 രൂപ കൂട്ടിയത്. അതിൽനിന്ന് 2000 ആക്കി ഉയർത്തിയത് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ കാലാവധി തീരാനിരിക്കെയാണ്. അത്തരമൊരു കാലതാമസം യുഡിഎഫ് വരുത്തില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരംഭിച്ച സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യക്ഷേമ പെൻഷന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി തുടരുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം എംപി. പെട്രോളിനും ഡീസലിനും ഇല്ലാത്ത നികുതി ഇളവ് മദ്യത്തിന് പ്രഖ്യാപിച്ചതിൽ ദുരൂഹതയുണ്ടെന്ന് റഹീം ആരോപിച്ചു.
നികുതി കുറച്ചതിന് പിന്നിൽ കോടികളുടെ അഴിമതിയാണെന്നും, സാധാരണ ജനങ്ങളോട് സര്‍ക്കാര്‍ ചെയ്യുന്ന അനീതിയാണിതെന്നും എ.എ. റഹീം വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് റഹീം വിമർശനവുമായി രംഗത്തെത്തിയത്.
വിഷയത്തില്‍ മുസ്ലിം ലീഗും കെസിബിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും യുഡിഎഫിനായി തെരുവിലിറങ്ങി പ്രസംഗിച്ച മദ്യവിരുദ്ധ സമിതിക്കാര്‍ക്ക് എന്താണ് പറയാനുള്ളതെന്നും റഹീം ചോദിച്ചു.
പോസ്റ്റിന്റെ പൂർണരൂപം;
പെട്രോളിനും ഡീസലിനും ഇല്ലാത്ത നികുതി ഇളവ് മദ്യത്തിന്!! ഇത് ദുരൂഹമാണ്,കോടികളുടെ അഴിമതിയാണ്. 251% എന്ന ഉയർന്ന നിരക്കിൽ നിലവിൽ സംസ്ഥാനം ഈടാക്കിയിരുന്ന നികുതിയാണ് ഇപ്പോൾ 120% മുതൽ 175% വരെയുള്ള നികുതി ഘടനയിലേക്ക് വെട്ടിക്കുറയ്ക്കുന്നത്.
സാധാരണ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പെട്രോളിയം ഉത്പന്നങ്ങൾക്ക് ഒരു രൂപയുടെ പോലും നികുതിയിളവ് നൽകാൻ മടിക്കുന്നവർ, മദ്യത്തിന് ഈ ആനുകൂല്യം നൽകുന്നതിലെ യുക്തി എന്താണെന്ന് വിശദീകരിക്കാൻ വിയർക്കും.
മുഖ്യമന്ത്രിക്ക് ‘ബക്കാർഡിയുടെ ഗന്ധം!!.’ ഈ വിഷയത്തിൽ മുസ്ലീം ലീഗും, കെസിബിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. യുഡിഎഫിനായി തെരുവുകളിൽ തൊണ്ടപൊട്ടി പ്രസംഗിച്ച മദ്യവിരുദ്ധ സമിതിക്കാർ ഇപ്പോൾ എന്ത് പറയുന്നു? എല്ലാത്തിലും വലിയ കൗതുകം ശ്രീ എ കെ ആന്റണിയുടെ നിലപാട് അറിയാനാണ്.
Kerala
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അതിരൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരൻ നായർ പറഞ്ഞു.
പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിലുള്ള പ്രസംഗത്തിലായിരുന്നു പരാമർശം. പണ്ട് പലതവണ എൻഎസ്എസ് ആസ്ഥാനത്തെത്തി തന്നെ കാണാനായി കാത്തുനിന്ന വ്യക്തിയാണ് സതീശൻ. അധികാരത്തിലെത്തിയപ്പോൾ നിലപാട് മാറ്റുകയും അഹങ്കാരിയായി മാറുകയും ചെയ്തെന്നും സുകുമാരൻ നായർ വിമർശിച്ചു.
രണ്ടു തവണ കാണാൻ അനുമതി തേടിയിട്ടും മുഖ്യമന്ത്രി സമയം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. മുഖ്യമന്ത്രിയെ കാണാൻ രണ്ടുതവണ ദൂതൻ മുഖാന്തിരം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി നിരാകരിച്ചു.
തന്റെ സ്വന്തം കാര്യത്തിനു വേണ്ടിയല്ല മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിവേദനം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാനാണ് സതീശനെ കാണാൻ തീരുമാനിച്ചത്. ഇനിയും മുഖ്യമന്ത്രിയെ കാണാൻ പോകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രി പല സമുദായ നേതാക്കളേയും അന്വേഷിച്ചു പോകുന്നുണ്ട്. എൻഎസ്എസിൽ വന്നില്ലെങ്കിലും കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ പോകില്ലെന്ന സതീശന്റെ പഴയ പരാമർശവും അദ്ദേഹം പ്രസംഗത്തിനിടെ സൂചിപ്പിച്ചു.
എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്ന് കെ.ബി.ഗണേഷ് കുമാറിനെ ഒഴിവാക്കിയതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഗണേഷ് കുമാറിനെ പുറത്താക്കിയതല്ല, കാലാവധി അവസാനിച്ച ശേഷം വീണ്ടും എടുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൻഎസ്എസിൽ ജനാധിപത്യം ഉണ്ട്. അർഹതയുള്ള ഒട്ടേറെപ്പേർക്ക് അവസരം നൽകേണ്ടത് ആവശ്യമാണ്. ക്രമക്കേട് നടന്നു എന്ന് ഗണേഷ് കുമാർ കരുതുന്നുണ്ടെങ്കിൽ കേസ് കൊടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വി. ശിവന്‍കുട്ടി പാർട്ടി പത്രത്തിൽ പിഎം ശ്രീയെ ന്യായീകരിച്ച് എഴുതിയ ലേഖനം തന്നെയാണ് പിണറായി വിജയനുള്ള മറുപടിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
പിണറായി വിജയന് സര്‍ക്കാരാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്. എന്നിട്ട് ഒപ്പിട്ടതിനെ ന്യായീകരിച്ചു. പിന്നീട് പിന്‍വലിക്കാനുള്ള കത്തല്ല, മരവിപ്പിക്കാനുള്ള കത്താണ് അയച്ചത്. കരാറില്‍ മരവിപ്പിക്കാന്‍ എന്ത് പ്രൊവിഷനാണുള്ളത്. ഞങ്ങളോട് പിന്മാറാമായിരുന്നില്ലേയെന്ന് ചോദിക്കുന്നവര്‍ക്ക് ഒപ്പിട്ടതിനു ശേഷം പിന്മാറാതിരുന്നത് എന്തുകൊണ്ടാണ്?
ഇഷ്ടമുള്ള കരിക്കുലം പഠിപ്പിക്കാമെന്ന് വി. ശിവന്കുട്ടിതന്നെ പറഞ്ഞിട്ടുണ്ട്. കേന്ദ്രസഹായം ആരുടെയും ഔദാര്യമല്ല. പേരിലല്ല കാര്യം. കേരളം നല്കുന്ന ജിഎസ്ടിയുടെ പകുതിയും കേന്ദ്രത്തിനാണ് പോകുന്നത്. മന്ത്രിസഭാ അംഗങ്ങള്‍ അറിയാതെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും കരാറില്‍ ഒപ്പിട്ടതിനെതിരേയാണ് ഞാന്‍ പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ പറഞ്ഞത്.
പദ്ധതിയില്‍ ഒപ്പുവച്ചാല്‍ പാഠ്യപദ്ധതിയെല്ലാം മാറ്റി കേന്ദ്രം നിശ്ചയിച്ചുനല്‍കുന്നത് നടപ്പാക്കേണ്ടി വരുമെന്നത് അവാസ്തവമാണ്. സംസ്ഥാനങ്ങള്‍ക്ക് അവരുടെ കരിക്കുലം തുടരാമെന്ന കാര്യം ദേശീയ വിദ്യാഭ്യാസനയംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല, രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിച്ച ഏക സംസ്ഥാനവും കേരളമാണ്.
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്നത് സംസ്ഥാനങ്ങളുടെ നികുതിപ്പണംകൂടി ഉപയോഗപ്പെടുത്തിയാണ്. സമഗ്രശിക്ഷാ, പിഎം പോഷണ്‍ സ്റ്റാര്‍സ്, ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം എന്നിവയും ഉന്നതവിദ്യാഭ്യാസമേഖലയിലെ പിഎം ഉഷയും ഇതിനകംതന്നെ നാം നടപ്പാക്കിവരുന്നു. ഈ പദ്ധതികളെയെല്ലാം കേന്ദ്രസര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസനയവുമായി ബന്ധപ്പെടുത്തിയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
2022 മുതല്‍ സമഗ്രശിക്ഷാ പദ്ധതിയെ ദേശീയ വിദ്യാഭ്യാസനയം 2020ലെ 86 നിര്‍ദേശങ്ങളുമായി ബന്ധപ്പെടുത്തി പുനഃക്രമീകരണം പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളം തനതു പദ്ധതികള്‍ നടപ്പാക്കി.
പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ അനുഭവങ്ങളും നിരന്തരമായ ആശയവിനിമയത്തിന്റെയും അടിസ്ഥാനത്തിലാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ വകുപ്പ് തീരുമാനിച്ചതെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഒരു ചെറുചിരിയോടെയല്ലാതെ എന്‍.ആര്.എസ് ബാബുവിനെ ഞാന്‍ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രാഷ്ട്രീയ വിശകലനങ്ങളില്‍ അഗ്രഗണ്യന്‍, അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് പുതുവഴി വെട്ടിയ മാധ്യമ പ്രവര്ത്തകന്, മൃദുഭാഷി, സഹൃദയന്, ഏത് വിഷയത്തലും ആധികാരികമായി എപ്പോഴും അഭിപ്രായം പറയാന്‍ പറ്റുന്ന തരത്തില്‍ അനുഭവങ്ങളും ജ്ഞാനവും ഉള്ള വ്യക്തിയാണെന്നും മുഖ്യമന്ത്രി അനുശോചിച്ചു.
കേരളം കണ്ട മികച്ച മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍, എന്നും മനുഷ്യപക്ഷത്ത് നിന്ന് വാര്‍ത്തകളെ സമീപിച്ച ഒരാള്‍ ഇതൊക്കെയാണ് എന്‍.ആര്.എസ് ബാബു. അതിനെല്ലാമുപരി നിറഞ്ഞ സ്നേഹമായിരുന്നു എന്‍.ആര്.എസ്.
2001-ല്‍ ആദ്യം എംഎല്‍എ ആകുന്നതിന് മുന്‍പേ എന്‍.ആര്.എസ് ബാബുവിനെ കുറിച്ച് ഞാന്‍ കേട്ടിട്ടും വായിച്ചിട്ടുമുണ്ട്. നിയമസഭാ സമാജികനെന്ന നിലയില്‍ പ്രവര്‍ത്തന മണ്ഡലം തിരുവനന്തപുരത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചപ്പോഴാണ് നേരിട്ട് പരിചയപ്പെടുന്നത്. പിന്നീട് എന്‍.ആര്.എസ്. ബാബു എന്ന മാധ്യമ പ്രവര്ത്തകന് അടുത്ത സുഹൃത്തും നല്ലൊരു ഉപദേശകനുമായി.
മാധ്യമ പ്രവര്‍ത്തന മേഖലയ്ക്ക് തീരാ നഷ്ടമമാണ് അദ്ദേഹത്തിന്റെ വിയോഗം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സർക്കാരിനെതിരേ ഒരുസംഘം വ്യാപകമായി കള്ളപ്രചാരണം നടത്തുകയാണെന്നു മുഖ്യമന്ത്രി വി.ഡി സതീശൻ. വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് അവരുടെ പദവിക്ക് ചേർന്നതല്ലെന്നും ഗുരുതരമായ തെറ്റാണെന്നും ചൂണ്ടിക്കാട്ടി താൻ ശക്തമായി വിമർശിച്ചിരുന്നു.
വിമർശനം മാത്രം പോരെന്നാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറയുന്നത്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ നാല് വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തെങ്കിലും തെറ്റാണെന്നു പോലും പറഞ്ഞിരുന്നില്ല.
വിസിമാരിൽ ഒരാൾ സിപിഎം സംഘടനാ നേതാവുമായിരുന്നു. അന്നത്തെ ഉന്നതവിദ്യാഭ്യാസമന്ത്രി അതിനെ ന്യായീകരിക്കുകയായിരുന്നു. വൈസ് ചാൻസലർമാർക്കെതിരേ നടപടിയെടുക്കാൻ സർക്കാരിന് അധികാരമില്ലെന്നിരിക്കെയാണ് ഇപ്പോഴത്തെ വിമർശനം.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫിൽ കഞ്ചാവ് കേസുമായി ബന്ധമുള്ളയാളെ നിയമിച്ചെന്ന പച്ചക്കള്ളമാണ് അടുത്തത്. അങ്ങനെയൊരാൾ സ്റ്റാഫിൽ ഇല്ല. അത്തരമൊരു ശിപാർശയും ആഭ്യന്തരമന്ത്രി നൽകിയിട്ടില്ല. താനും ചെന്നിത്തലയും ഇതെല്ലാം കേട്ട് ചിരിക്കുകയാണ്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര തുടങ്ങിയതോടെ ഓർഡിനറി ബസുകളെല്ലാം സിറ്റി ഫാസ്റ്റുകളാക്കിയെന്നാണ് അടുത്ത പ്രചാരണം.
സ്ത്രീകൾ ആവേശഭരിതരായി സൗജന്യയാത്രയെ സ്വീകരിച്ചപ്പോൾ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. സൗജന്യയാത്രയുടെ ശോഭ കെടുത്താനാണ് ശ്രമം. സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് കൂട്ടിയെന്നാണ് മറ്റൊന്ന്. ഫെബ്രുവരിയിൽ എൽഡിഎഫ് സർക്കാരാണ് ഫീസ് കൂട്ടിയത്.
കേന്ദ്രസർക്കാർ ഇടുക്കിയിലെ പരിസ്ഥിതിലോല മേഖല പ്രഖ്യാപിച്ചത് യുഡിഎഫ് സർക്കാരിന്റെ ശിപാർശയിലാണെന്നാണ് മറ്റൊരു കള്ളപ്രചാരണം. ഇരവികുളം, ആനമല, ചിന്നാർ അടക്കം മേഖലകളുൾപ്പെടുത്തി കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് പിണറായി സർക്കാർ കേന്ദ്രവുമായി നടത്തിയ കത്തിടപാടുകളെ തുടർന്നാണ്. കേന്ദ്രം ആവശ്യപ്പെട്ട വിവരങ്ങൾ പലതവണയായി അവരാണു നൽകിയത്.
യുഡിഎഫ് സർക്കാർ കേന്ദ്രവുമായി ഇക്കാര്യത്തിൽ കത്തിടപാടുകൾ നടത്തിയിട്ടില്ല. ഇതെല്ലാം മറച്ചുവച്ചാണ് അധികാരമേറ്റതിന്റെ 17-ാംദിവസം വന്ന പ്രഖ്യാപനം യുഡിഎഫ് സർക്കാരിന്റെ തലയിലാക്കിയത്. സിപിഎം ജില്ലാ സെക്രട്ടറിവരെ നുണപ്രചാരണം നടത്തി.
റേഷൻ വിതരണം സ്തംഭിച്ചെന്നാണ് മറ്റൊരു നുണ. നൽകേണ്ടതിൽ ഒരു ഗ്രാം അരി കുറച്ചിട്ടില്ല. വിൽക്കാത്തതും അധികം ലഭിക്കുന്നതുമായ അരി, ഓണത്തിന് എല്ലാവർക്കും നൽകാനായി സംഭരിക്കുകയാണ്. എന്നിട്ടും യുഡിഎഫ് വന്നു, റേഷൻ മുടങ്ങിയെന്നാണ് കള്ളപ്രചാരണം.
രണ്ടുവർഷം പിആർഡിയുടെ സഹായത്തോടെ നടത്തിയ കള്ളപ്രചാരണങ്ങൾ ജനം ചവറ്റുകുട്ടയിലെറിഞ്ഞു. യുഡിഎഫ് ഭരണകാലം ’ഇരുണ്ട കാലം’ എന്നത് അടക്കം സർക്കാർ ചെലവിൽ പിആർഡി വഴി പ്രചരിപ്പിച്ചു.
യുഡിഎഫ് അധികാരത്തിലെത്തിയതിന് പിന്നാലെ അരഡസനിലേറെ വ്യാജപ്രചാരണങ്ങൾ നടത്തുകയാണ്. ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രചാരണം നടത്തിയെന്നു തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് യുഡിഎഫ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ഈ വഞ്ചനയ്ക്ക് കേരളം മാപ്പ് നൽകില്ല. താൻ ഒരു നെഹ്റുവിയൻ സോഷ്യലിസ്റ്റാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹം വലിയൊരു വായനക്കാരൻ കൂടിയാണ്. അങ്ങനെയാണെങ്കിൽ നെഹ്റു എഴുതിയ പുസ്തകങ്ങളൊക്കെ മുഖ്യമന്ത്രി ഒരിക്കൽക്കൂടി എടുത്തു വായിക്കണമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
എല്ലാറ്റിനും വലുത് 'വാക്ക്' ആണെന്നാണ് മുഖ്യമന്ത്രി എപ്പോഴും പറയാറുള്ളത്. എന്നാൽ പിഎം ശ്രീയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ആ വാക്ക് ഇപ്പോൾ പാഴ്വാക്കായി മാറിയിരിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
പിഎം ശ്രീ പദ്ധതി നടപ്പാക്കരുത് എന്ന് സർക്കാരിന് ആഗ്രഹമുണ്ടെങ്കിൽ അതിന് കൃത്യമായ വഴികളുണ്ടായിരുന്നു. എന്നാൽ ഇവിടെ മുസ്ലിം ലീഗിന്റെ മന്ത്രിയെ തന്നെ പിഎം ശ്രീയുടെ നടത്തിപ്പുകാരനാക്കി മാറ്റുകയാണ് യുഡിഎഫ് സർക്കാർ ചെയ്തതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ്എസ്കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
പിഎം ശ്രീ നടപ്പാക്കുന്നതിന് വേണ്ടി സ്കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു. അത് എൽഡിഎഫ് സർക്കാർ കൊടുത്തിട്ടില്ല. മുഖ്യമന്ത്രി കാര്യം മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നും ശിവൻകുട്ടി വിമര്‍ശിച്ചു.
പിഎം ശ്രീ ഫണ്ട് വാങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിൽ അത് വസ്തുതാ വിരുദ്ധമാണ്. മന്ത്രിസഭ ഉപസമിതി വരുന്നതിൽ തെറ്റില്ല. പിഎം ശ്രീ ഭാഗമാകില്ലെന്ന് കാട്ടി ആദ്യം കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രിസഭ കൂടി നടപടികൾ മരവിപ്പിക്കാൻ കഴിഞ്ഞ സർക്കാർ കത്ത് നൽകിയിരുന്നു. ഇത് സർക്കാർ രേഖയായി നിലവിലുണ്ട്.
മറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ വെല്ലുവിളിക്കുകയാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുൻ സർക്കാർ ഒപ്പുവയ്ക്കുകയും നടപ്പാക്കുകയും ചെയ്ത കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഇനി പിന്മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവിൽ 99 കോടി രൂപ കേരളം കേന്ദ്രത്തിൽനിന്ന് കൈപ്പറ്റിയിട്ടുണ്ട് ഇനി 106 കോടി കൂടി ഉടൻ ലഭിക്കും. ഈ വർഷം ആയിരം കോടി രൂപയിൽ കൂടുതൽ കേന്ദ്രത്തിൽ നിന്ന് കിട്ടാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വിദ്യാഭ്യാസ മന്ത്രി പദ്ധതിയിൽ നിന്നും പിന്മാറണം എന്ന കത്ത് കേന്ദ്രത്തിന് നൽകിയിട്ടില്ല. രണ്ടുകാര്യങ്ങളിലാണ് സംസ്ഥാനത്തിന് പിഎം ശ്രീ പദ്ധതിയിൽ അഭിപ്രായ വ്യത്യാസമുള്ളത്. ഒന്ന്, വിദ്യാഭ്യാസ കരിക്കുലവുമായി ബന്ധപ്പെട്ടാണ്. കരിക്കുലം എന്തുവേണമെന്ന് സംസ്ഥാനം തന്നെ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ വിഷയം ഏതൊക്കെ സ്കൂളിൽ എങ്ങനെ നടപ്പാക്കണം എന്ന വിഷയമാണ്. ഇതും സംസ്ഥാനം തന്നെ വായിക്കും. ഇത്തരം കാര്യങ്ങളിൽ കേന്ദ്രവുമായി ചർച്ച നടത്താനും ധാരണ ഉണ്ടാക്കാനും വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ നാലു വകുപ്പ് മന്ത്രിമാരുടെ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
ധനകാര്യ വകുപ്പിലേക്ക് എല്ലാ വകുപ്പുകളിൽ നിന്നും അനാവശ്യമായി ഒരുപാട് കത്തിടപാടുകൾ ഇപ്പോൾ കിട്ടുന്നുണ്ടെന്നും ഇത് പലപ്പോഴും നിയമക്കുരുക്കുകളും ഭരണ സമരവും സൃഷ്ടിക്കുന്നുണ്ടെന്നും ഇതിനു പരിഹാരമായി ഒരു നോഡൽ ഓഫീസറെ എല്ലാ വകുപ്പുകളും ആയി ചേർന്ന് നിയമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണത്തിൽ ഏറിയിട്ട് സർക്കാർ ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷവും ചില മാധ്യമങ്ങളും ചേർന്ന് അനാവശ്യമായ ആരോപണങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പെൻഷൻ പദ്ധതികളിൽ നിന്നും സർക്കാർ പിന്മാറിയേതായ ആക്ഷേപം ഇത്തരത്തിലുള്ളതാണ്. നാരി സുരക്ഷാ പദ്ധതി കഴിഞ്ഞ സർക്കാർ പെട്ടെന്ന് നടപ്പാക്കിയപ്പോൾ ചില അപാകതകൾ വന്നിട്ടുണ്ട്. അത് ഈ സർക്കാർ പരിഹരിക്കും. മാത്രമല്ല ആ പെൻഷൻ പദ്ധതിയുടെ ഉപയോക്താക്കൾ സംബന്ധിച്ച് ആക്ഷേപവും ഉണ്ടായിട്ടുണ്ട്. അതും സർക്കാർ വിലയിരുത്തുമെന്നും സതീശൻ പറഞ്ഞു.
80 ഗവൺമെന്റ് പ്ലീഡർമാരെയാണ് സർക്കാർ ഇതുവരെ നിയമിച്ചിരിക്കുന്നത്. അതിൽ ഒരാളെക്കുറിച്ച് മാത്രമാണ് ആക്ഷേപം ഉണ്ടായിരിക്കുന്നത്. ശബരിമല വിഷയത്തിൽ രാജിവച്ച ഗവൺമെന്റ് പ്ലീഡർ ശബരിമല ദേവസ്വത്തിനുള്ള പ്രത്യേക പ്ലീഡറായിരുന്നില്ല. ഇക്കാര്യത്തിൽ എല്ലാ ഉത്തരവാദിത്വവും മുഖ്യമന്ത്രിയും നിലയിൽ താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്ലീഡർമാരുടെ നിയമനത്തിൽ ലോയേഴ്സ് കോൺഗ്രസ് ആക്ഷേപങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യേണ്ടതാണ്. അത് മാധ്യമങ്ങളോട് അല്ല പറയേണ്ടത്. നിയമനം നടത്തുന്ന താൻ ആണെന്നും സംഘടനകൾ അല്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പിഎൻ പണിക്കർ അനുസ്മരണ ദേശീയ വായന ദിനാഘോഷം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. 19ന് രാവിലെ 11.30ന് കനകക്കുന്ന കൊട്ടാരത്തിൽ നടക്കുന്ന വായന ദിനാഘോഷ പരിപാടികളിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോജി എം.ജോണ്‍, പി.സി. വിഷ്ണുനാഥ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
ദേശീയ വായന ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിലെ പോലീസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാന്റുകൾ, മാർക്കറ്റുകൾ, തൊഴിലുപ്പ് കേന്ദ്രങ്ങൾ തുടങ്ങി പൊതുഇടങ്ങളിൽ ഒരു ലക്ഷം വായന സദസ് സംഘടിപ്പിക്കുകയാണ് ഇക്കൊല്ലത്തെ മുഖ്യപരിപാടിയെന്നു പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
വായന ദിനാഘോഷ ചടങ്ങിനോടനുബന്ധിച്ച് കുട്ടികൾ വായനദിന പ്രതിജ്ഞ ചൊല്ലും. ദേശീയതലത്തിൽ അംഗീകാരം ലഭിച്ച ശ്രേഷ്ഠരായ അധ്യാപകരെ ഗുരുവന്ദനം നടത്തി ആദരിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികളിൽ വായന ക്വിസ് മത്സരത്തിലെ വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ പുരസ്കാരവും പുസ്തകങ്ങളും സമ്മാനിക്കും.
കുട്ടികൾക്കു കവിതാ പാരായണം, ഉപന്യാസ മത്സരം,പദ മത്സരം, ചിത്രരചനാ മത്സരം, കൂട്ടയോട്ടം, ചർച്ചാ യോഗങ്ങൾ ,സെമിനാറുകൾ, വായനദിന വിളംബര ഘോഷയാത്രകൾ സ്കൂളുകളിൽ പി.എൻ. പണിക്കർ വായന കോർണറുകൾ, മദ്യത്തിനും മയക്കുമരുന്നിനുമെതിരായി ബോധവത്കരണ പരിപാടികൾ, തെരുവുനാടകം സംഘടിപ്പിക്കൽ, പുസ്തക ചർച്ചകൾ, സാഹിത്യ നായകന്മാരുമായി സംവാദം, ഓരോ വീടും ഒരു പണിശാല എന്ന മുദ്രാവാക്യവുമായി തൊഴിൽ സംരംഭക ബോധവത്കര ക്ലാസുകൾ, അധ്യാപകരെ ആദരിക്കൽ, പഠന മികവുള്ളവർ ഭല്യമാകുന്ന സർക്കാർ സ്കോളർഷിപ്പുകളെ പരിചയപ്പെടുത്തൽ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുമെന്നു മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
Kerala
കൊച്ചി: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ 2016ലെ മദ്യനയം ഘട്ടംഘട്ടമായെങ്കിലും പുതിയ സർക്കാർ തുടരണമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി ആവശ്യപ്പെട്ടു.
മാരക ലഹരികള്‍ക്കും മാഫിയകള്‍ക്കുമെതിരേ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ധീരമായ നിലപാടിന് സമ്പൂര്‍ണ പിന്തുണയും സഹകരണവും അറിയിക്കുന്നതായും മുഖ്യമന്ത്രി വി.ഡി. സതീശനുള്ള തുറന്ന കത്തിൽ സമിതി വ്യക്തമാക്കി.
മദ്യനയം സംബന്ധിച്ച് സർക്കാരിന്റെ ശ്രദ്ധയിലേക്കുള്ള വിവിധ നിർദേശങ്ങളാണ് കത്തിന്റെ ഉള്ളടക്കം. മദ്യവും ലഹരിയും മനുഷ്യസമൂഹത്തിന്റെ സമസ്തമേഖലകളിലും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തിൽ പുതിയ മദ്യശാലകളൊന്നും തുടങ്ങരുത്. ഓരോ വര്‍ഷവും ബെവ്കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലറ്റുകള് പത്തു ശതമാനം വീതം നിര്‍ത്തലാക്കണം.
നിലവിലുള്ള മദ്യശാലകളുടെ പ്രവര്‍ത്തനസമയം രാവിലെ 11 മുതല്‍ വൈകുന്നേരം ഏഴു വരെയാക്കി ചുരുക്കണം. കള്ളുഷാപ്പുകള്‍, വിദേശമദ്യ ഷോപ്പുകള്‍, ബാര്‍, ബിയര്‍, വൈന്‍ പാര്‍ലറുകള്‍ എന്നിവ അനുവദിക്കുന്നതിനും അനുവദിച്ചതിനുമുള്ള ദൂരപരിധിച്ചട്ടം പുനഃസ്ഥാപിക്കണം.
മദ്യശാലകളുടെമേല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന നിയന്ത്രണാധികാരം 232, 447 വകുപ്പുകള്‍ പുനഃസ്ഥാപിക്കണം. ലഹരിവിരുദ്ധ ബോധവത്കരണത്തിന് ബിവറേജസ് കോര്‍പറേഷന്റെ മദ്യവരുമാനം ഉപയോഗിക്കുന്നത് നിര്‍ത്തലാക്കണം. ബോധവത്കരണ കാര്യങ്ങള്‍ക്ക് മറ്റു സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിക്കണം.
പിണറായി സര്‍ക്കാര്‍ രൂപീകരിച്ച വിമുക്തി മിഷന് പരാജയമായതിനാൽ അതു പിരിച്ചുവിട്ട് ആന്റി നാര്‍ക്കോട്ടിക് കോര്പറേഷന് രൂപീകരിക്കണം.
ബോധവത്കരണ പരിപാടികളില്‍ മൂന്നു പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള കെസിബിസിയുടെ ലഹരിവിരുദ്ധ വിഭാഗത്തിന് ഉത്തരവാദിത്വം നല്‍കണം എന്നിവയുൾപ്പെടെ 31 നിർദേശങ്ങളാണു കത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള അറിയിച്ചു.
Kerala
തിരുവനന്തപുരം: വർണബലൂണുകൾകൊണ്ട് അലങ്കരിച്ച കെഎസ്ആർടിസി ബസുകൾ യാത്രക്കാരായ വനിതകളെ വരവേറ്റു. മധുരസ്മിതവു മായി എത്തിയ വനിതാ കണ്ടക്ടറും ഡ്രൈവറും വളരെപ്പെട്ടന്ന് അവരിലൊരാളായി മാറി.
പാട്ടുപാടിയും കൂട്ടുകൂടിയും പുറപ്പെടാനൊരുങ്ങി നിൽക്കേ ആർപ്പുവിളികളും ആരവങ്ങളുമായി ആണ്‍കൂട്ടം അവർക്കു റ്റാറ്റാ പറഞ്ഞപ്പോൾ, വനിതകളുടെ "പുതുയുഗ’ യാത്രയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ ഡബിൾ ബെല്ലടിച്ചു...പിന്നാലെ "പ്രിയദർശിനി’യെന്നു പേരിട്ട ആ ബസ് തലസ്ഥാനത്തിന്റെ നിരത്തുകളിലൂടെ ചരിത്രത്തിലേക്കു ചീറിപ്പാഞ്ഞു.
കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് യാത്രക്കാർ ആഘോഷപൂർവമാണ് കൊണ്ടാടിയത്. ഇന്നലെ രാവിലെ 9.35നാണ് തന്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിനു മുന്നിൽനിന്ന് ഉദ്ഘാടന ബസ് പുറപ്പെട്ടത്.
പെരുമാതുറ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ വി.പി. ഷീലയും പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ വി.ജി. ജയകുമാരിയും ഉദ്ഘാടന ബസിന്റെ സാരഥികളായപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും പട്ടികജാതി-പട്ടികവർഗ വകുപ്പു മന്ത്രി കെ.എ. തുളസിയും സെക്രട്ടേറിയറ്റ് ജീവനക്കാരും യാത്രക്കാരായി.
തന്പാനൂരിൽനിന്നു സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്കുള്ള "പ്രിയദർശിനി ബസിന്റെ' സ്വതന്ത്ര സഞ്ചാരം വീക്ഷിക്കാൻ റോഡരികിൽ നിരവധി പേർ കാത്തുനിന്നിരുന്നു. ബസിന്റെ ആറാം നന്പർ സീറ്റിലിരുന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും തൊട്ടടുത്ത സീറ്റിലിരുന്ന് ഗതാഗതമന്ത്രിയും ജനങ്ങളെ അഭിവാദ്യം ചെയ്തു.
പിന്നെ മറ്റൊരു വാഹനത്തെ മറികടക്കാൻ അതിവേഗം നീങ്ങുന്നതിനിടയിൽ ബസിനെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ സഞ്ചരിച്ച യുവാവിനോട് “ശ്രദ്ധിച്ചു പോകൂ” എന്നു പറഞ്ഞ് മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനം. 15 മിനിറ്റ് സഞ്ചരിച്ച് ബസ് സെക്രട്ടേറിയറ്റിന്റെ സമരഗേറ്റിലൂടെ അകത്തേക്കു കയറി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിനു മുന്നിൽ നിർത്തി. മുഖ്യമന്ത്രിയും മന്ത്രിമാരുമിറങ്ങി. ബസ് ദർബാർ ഹാളിനു മുന്നിൽ ജീവനക്കാരെ ഇറക്കിയശേഷം ഉദ്ഘാടനയാത്ര അവസാനിപ്പിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിലെ നടപടികളിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മുതിർന്നവരെ സംരക്ഷിക്കാൻ സർക്കാരും സമൂഹവും എപ്പോഴും കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ .
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക വയോജന അതിക്രമവിരുദ്ധ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്കരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുതിർന്നവരോട് ക്രൂരമായി പെരുമാറുന്നവരോടും അവരെ അപമാനിക്കുന്നവരോടും സർക്കാർ യാതൊരു ദാക്ഷിണ്യവും കാണിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി അവർക്ക് വേണ്ടി മാത്രം പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്നവർക്കായി സിൽവർ ഇക്കോണമി എന്ന ആശയമാണ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പ്രായമായവരെ എല്ലാ കാര്യങ്ങളിലും സജീവമാക്കുക, അവർക്ക് വരുമാനവും സാമൂഹിക സാമ്പത്തിക മേഖലകളിൽ കൃത്യമായ പങ്കാളിത്തവും ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ തലമുറ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുമ്പോൾ വീടുകളിൽ ഒറ്റപ്പെടുന്ന മാതാപിതാക്കളെ ചേർത്തുനിർത്താൻ സമൂഹത്തിന് വലിയ കടമയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുതിർന്നവരോട് സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്ന ഒരു പുതിയ തലമുറ കേരളത്തിൽ വളർന്നുവരണം. മുതിർന്നവരോടുള്ള അനുഭാവപൂർണമായ സമീപനം പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമാണ്. വരും വർഷങ്ങളിൽ കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച വയോജന സൗഹൃദ സമൂഹമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ സാമൂഹ്യ നീതി വകുപ്പിന്റെ സ്നേഹ സന്ദേശം കാർഡ് തിരുവനന്തപുരം പുലയനാർകോട്ട ഓൾഡ് ഏജ് ഹോമിലെ അന്തേവാസിയായ ജഗദമ്മയ്ക്ക് മുഖ്യമന്ത്രി കൈമാറി.
സാമൂഹ്യനീതി മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ അധ്യക്ഷനായി. ചടങ്ങിൽ സാമൂഹ്യനീതി വകുപ്പ് സ്പെഷൽ സെക്രട്ടറി ബി .അബ്ദുൾ നാസർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്സൺ കെ. സോമപ്രസാദ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ, സബ് കളക്ടർ ആൽഫ്രഡ് ഒ. വി, കൗൺസിലർ ഷേർളി എസ്, ഒ.സി.ബി ചെയർമാൻ എൻ. അലി അബ്ദുള്ള തുടങ്ങിയവർ സന്നിഹിതരായി.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് ജൂണ്‍ 19 വെള്ളിയാഴ്ച വരെ സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ബജറ്റ് തയാറാക്കുന്നതിന്റെ തിരക്കിലാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി എന്നാണ് അറിയിപ്പ്.
സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ചയാണ് അവതരിപ്പിക്കുക. ഇന്ദിരാ ഗാരന്റി നടപ്പാക്കാൻ എത്ര തുക വകയിരുത്തും, കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രക്കുള്ള ഫണ്ട്, ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതി, വയോജന വകുപ്പിനുള്ള ഫണ്ട് എന്നിവയെല്ലാം എത്രയെന്ന് പുതിയ ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാവും.
Kerala
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് തയാറാക്കുന്ന തിരക്കുകളായതിനാൽ മുഖ്യമന്ത്രിക്ക് താല്‍ക്കാലികമായി സന്ദര്‍ശന വിലക്ക്. വെള്ളിയാഴ്ച വരെ മുഖ്യമന്ത്രിക്ക് സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ല.
പൊതുജനങ്ങള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും താത്ക്കാലികമായി ഉണ്ടാകുന്ന ഈ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും, എല്ലാവരുടെയും പൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നതായും ഓഫീസ് വാര്‍ത്താക്കുറി
ൽ അറിയിച്ചു.
നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള വലിയൊരു ദൗത്യത്തിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരുമുള്ളത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളുടെയും മറ്റുള്ളവരുടെയും ആത്മാര്‍ഥമായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അഭ്യര്‍ഥിച്ചു. അടുത്ത വെള്ളിയാഴ്ചയാണ് വി.ഡി സതീശന് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധവുമായി രംഗത്തെത്തിയ മെൻസ് അസോസിയേഷന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. മെൻസ് അസോസിയേഷന്റെ പ്രതിഷേധം രസകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
താനൊരു പുരുഷ വിരോധിയൊന്നുമല്ല. സ്ത്രീകളുടെ കൈയിലാണെങ്കിൽ മിച്ചം വരുന്ന പൈസ വീട്ടിൽ എത്തും. പക്ഷേ പുരുഷനാണെങ്കിൽ ഈ പൈസ കുറച്ച് പേര് വീട്ടിൽ കൊടുക്കും. ബാക്കി എവിടെപോകും, സര്‍ക്കാരിന് തന്നെ കിട്ടുമെന്ന് മുഖ്യമന്ത്രി തമാശ രൂപേണ പറഞ്ഞു.
പ്രിയദര്‍ശിനി പദ്ധതി സർക്കാരിന് സ്ത്രീകളോടുള്ള ആദരവാണെന്നും സ്ത്രീകളെ ബഹുമാനിക്കാൻ ഒരു സമൂഹം പഠിക്കണണെന്നുള്ള ആഹ്വാനം കൂടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ദിര ഗാരന്റിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പ്രിയദർശിനി - കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി ഉദ്ഘാടനത്തിനു തൊട്ടുമുമ്പായി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തും. കെഎസ്ആർടിസിയില്‍ പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ.
ഉദ്ഘാടത്തിന് ശേഷം രാവിലെ ഒമ്പത് മണി മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ 'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ട്.
അതേസമയം പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ല. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും സിപിഎം നിർദേശം നൽകി.
Kerala
തിരുവനന്തപുരം: ദേവസ്വം സ്പെഷൽ പ്ലീഡറായി ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതികൾക്കുവേണ്ടി ഹാജരായ അഭിഭാഷകനെ നിയമിച്ചു സർക്കാർ വെട്ടിലായ സാഹചര്യത്തിൽ തുടർ നിയമനങ്ങളിൽ കർശന ജാഗ്രത പുലർത്താൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശം.
ഉന്നത സ്ഥാനങ്ങളിലേക്കുള്ള എല്ലാ നിയമനങ്ങളിലും പേരുകൾ നിർദേശിക്കുന്പോൾ സൂക്ഷ്മത പുലർത്തണമെന്ന് മന്ത്രിമാർ, എംഎൽഎമാർ, യുഡിഎഫ് നേതാക്കൾ തുടങ്ങിയവരോടു മുഖ്യമന്ത്രി നിർദേശിച്ചതായാണു വിവരം. ദേവസ്വം കേസുകൾ കൈകാര്യം ചെയ്യുന്ന സ്പെഷൽ പ്ലീഡറും പ്രോസിക്യൂട്ടറുമായി കെ.ബി. പ്രദീപിനെ നിയമിച്ചത് വിവാദമായിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഇടപെട്ട് അദ്ദേഹത്തിന്റെ രാജി എഴുതി വാങ്ങിയിരുന്നു.
നാൽപതിലേറെ പേർക്കുകൂടി പ്ലീഡർ നിയമനം നല്‍കുന്നതിനുള്ള ശിപാർശകൾ സർക്കാരിന്റെ മുന്നിലുണ്ട്. അതിൽ ഓരോരുത്തരുടെയും പശ്ചാത്തലംകൂടി പരിശോധിച്ച് നിയമവകുപ്പിന് കൈമാറിയാൽ മതിയെന്നാണ് നിർദേശിച്ചിട്ടുള്ളത്. അതിനുശേഷമാകും ശിപാർശ മന്ത്രിസഭയിലെത്തുക.
ബജറ്റ് അവതരണത്തിനു ശേഷമാകും ഇനി ഇത്തരം കാര്യങ്ങൾ പരിഗണിക്കുക. പ്ലീഡർ നിയമനത്തിനും മറ്റുമായി ജനപ്രതിനിധികളുടെ ശിപാർശകളോടെ നിരവധി അപേക്ഷകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ ശിപാർശയുള്ളതിനാൽ സൂക്ഷ്മപരിശോധന ഒഴിവാക്കിയതാണ് പ്രോസിക്യൂട്ടർ നിയമനത്തിൽ അടക്കം പിന്നോട്ടുപോകേണ്ടിവന്നതെന്നാണ് വിലയിരുത്തുന്നത്.
സഹോദരീഭർത്താവിനെ മന്ത്രി സണ്ണി ജോസഫ് തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയതിൽ കടുത്തവിമർശനം ഉയർന്നതോടെ അദ്ദേഹത്തെ രാജിവയ്പിക്കേണ്ടിവന്നിരുന്നു. വിവിധ അക്കാദമികൾ, ബോർഡ്, കോർപറേഷൻ, സർവകലാശാലാ സിൻഡിക്കറ്റുകൾ തുടങ്ങിയവയിലെ നിയമനങ്ങളിലും നിരവധി ശിപാർശകൾ സർക്കാരിനു മുന്നിലുണ്ട്.
Kerala
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകൾക്കായി കെഎസ്ആർടിസി ഒരുക്കുന്ന 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി നാളെ മുതൽ യാഥാർത്ഥ്യമാകും. രാവിലെ 8:30-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വിഡി. സതീശൻ പദ്ധതി ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ചടങ്ങിന് ശേഷം മാത്രമായിരിക്കും ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക.
സംസ്ഥാനത്തുടനീളമുള്ള 3,125 ഓർഡിനറി ബസുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ബസുകളുടെ മുൻവശത്തും വാതിലുകൾക്ക് സമീപവും 'പ്രിയദർശിനി' എന്ന് രേഖപ്പെടുത്തിയ പ്രത്യേക സ്റ്റിക്കറുകൾ പതിക്കുന്ന നടപടികൾ ഇന്ന് പൂർത്തിയായി.
യാത്രാക്കൂലി പൂർണമായും സൗജന്യമാണെങ്കിലും സ്ത്രീകൾ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന സ്റ്റോപ്പും രേഖപ്പെടുത്തിയ 'സീറോ വാല്യൂ' ടിക്കറ്റ് കണ്ടക്ടറിൽ നിന്ന് കൈപ്പറ്റണം.
യാത്ര സൗജന്യമാണെങ്കിലും പരിധിയിൽ കൂടുതൽ ഉള്ള അധിക ലഗേജുകൾക്ക് കൃത്യമായ ചാർജ് ഈടാക്കും.
സ്ത്രീകൾക്കൊപ്പം യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് സാധാരണ നിലയിലുള്ള ടിക്കറ്റ് ചാർജ് ബാധകമായിരിക്കും.സൗജന്യ യാത്ര ലഭ്യമല്ലാത്ത ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സ്ത്രീകൾ കയറിയാൽ, ഈ ബസിൽ പദ്ധതി ലഭ്യമല്ലെന്ന കാര്യം ജീവനക്കാർ മുൻകൂട്ടി യാത്രക്കാരെ അറിയിക്കണം.
കെഎസ്ആർടിസിയുടെ ഓർഡിനറി, ടൗൺ ബസുകളിൽ മാത്രമേ 'പ്രിയദർശിനി' പദ്ധതി പ്രകാരം സൗജന്യ യാത്ര അനുവദിക്കൂ. സ്റ്റിക്കർ പതിച്ച ബസുകൾ നോക്കി യാത്രക്കാർക്ക് സൗകര്യം പ്രയോജനപ്പെടുത്താം.
Kerala
തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനുമുള്ള സൗജന്യ യാത്രാ പദ്ധതിയുടെ 15ന് നടക്കുന്ന ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും ബസില്‍ യാത്ര ചെയ്യും. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ രാവിലെ 8.30ന് ആണ് ഉദ്ഘാടന യാത്ര ആരംഭിക്കുക. തമ്പാനൂരില്‍ നിന്നു സെക്രട്ടേറിയറ്റുവരെയാണ് മുഖ്യമന്ത്രി യാത്ര ചെയ്യുക.
യുഡിഎഫ് മന്ത്രിസഭയിലെ വനിതാമന്ത്രിമാരായ ബിന്ദു കൃഷ്ണയും കെ.എ. തുളസിയും ഗതാഗത മന്ത്രി സി.പി. ജോണും മന്ത്രി കെ. മുരളീധരനും ബസില്‍ യാത്ര ചെയ്യുന്നതിനു തീരുമാനിച്ചിട്ടുണ്ട്. തമ്പാനൂരില്‍ നിന്നു പെരുമാതുറയിലേക്കാകും ഉദ്ഘാടന യാത്ര. ഓര്‍ഡിനറി ബസുകളിലാണ് ആദ്യഘട്ടത്തില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര തീരുമാനിച്ചിട്ടുള്ളത്.
സ്ത്രീകളുടെ സൗജന്യയാത്രയ്ക്ക് പ്രിയദര്‍ശിനി എന്നാണ് സര്‍ക്കാര്‍ പേര് നല്‍കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇന്നലെ വൈകുന്നേരം പുറത്തിറങ്ങി. സൗജന്യയാത്ര ലഭ്യമാകുന്ന ഓര്‍ഡിനറി ബസുകളില്‍ പ്രിയദര്‍ശിനി സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
യാത്രക്കാര്‍ക്ക് കാണത്തക്ക വിധത്തില്‍ ബസുകളുടെ ഡോറുകളിലാകും സ്റ്റിക്കര്‍ പതിക്കുക. ഇതിലൂടെ സൗജന്യയാത്ര ഉള്ള ബസുകള്‍ തിരിച്ചറിയുന്നതിന് സ്ത്രീകള്‍ക്കു സാധിക്കും. ഓര്‍ഡിനിറി, സിറ്റി ഫാസ്റ്റ് ബസുകള്‍ ഒരേ നിറത്തിലായതുകൂടി പരിഗണിച്ചാണ് സ്റ്റിക്കര്‍ പതിക്കുന്നത്. സിറ്റി ഫാസ്റ്റ് ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കില്ല.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ഇന്ദിരാ ഗാരന്റി എന്ന പേരില്‍ യുഡിഎഫ് മുന്നോട്ട് വച്ച അഞ്ചിന ഗാരന്റികളില്‍ ഒന്നായിരുന്നു സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര. പദ്ധതി നടപ്പിലാക്കുന്നത് ഒരു മാസം സര്‍ക്കാരിന് 70 കോടിയോളം രൂപ ബാധ്യതയുണ്ടാക്കുമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: ഭരണ നിർവഹണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ടൂളുകൾ ഉപയോഗിക്കുമെന്നും ഡേറ്റാ ഡ്രിവണ്‍ ഗവേണൻസിനായി പഠനം തുടങ്ങിയെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ.
ധവളപത്രം തയാറാക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടില്ല. 172പേജുള്ള ധവളപത്രം 10 ദിവസം കൊണ്ട് തയാറാക്കാൻ സർക്കാരിന് ശേഷിയുണ്ട്. 6000 കോടി നീക്കിയിരിപ്പുണ്ടെന്ന് വെളിപ്പെടുത്തി ട്രഷറി ബാലൻസ് ആദ്യം പുറത്തുപറഞ്ഞത് മുൻ ധനമന്ത്രി കെ.എൻ.ബാലഗോപാലാണ്. ഇതിലൊന്നും ഒരു രഹസ്യവുമില്ല. കിഫ്ബിയുടെ പ്രവർത്തനം പുനഃക്രമീകരിക്കും. എങ്ങനെ വേണമെന്ന് പഠിക്കുകയാണ്.
പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ ഇഡി കേസ് എങ്ങനെ അന്വേഷിക്കണമെന്നു പറയാൻ സർക്കാരിന് അധികാരമില്ല. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് സിപിഎം നേതാക്കൾ ഇപ്പോൾ പറയുന്നത്. ഇതാണ് താൻ ആദ്യം മുതൽ പറഞ്ഞുകൊണ്ടിരുന്നത്.
രാഹുൽ ഗാന്ധിയുടെ കേസിലടക്കം ഇഡിക്കെതിരേ കോണ്‍ഗ്രസ് രാഷ്ട്രീയ നിലപാടുകൾ പറയുന്പോഴും അന്വേഷണവുമായി സഹകരിച്ചിരുന്നു. 55 മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ചോദ്യംചെയ്തത്. ഇഡി ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചാൽ പോലീസ് ഇടപെടും. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാമെന്ന വ്യാമോഹം കേരളത്തിൽ നടക്കില്ല. ഇപ്പോൾ വീണയ്ക്ക് സമൻസ് കിട്ടിയപ്പോൾ ഇഷ്ടിക കൈയിലെടുത്തില്ലല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Kerala
തിരുവനന്തപുരം: കലാകാരന്മാര്ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ കേരളത്തിന് അപമാനമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. നടന് സലീം കുമാര്‍ രോഗബാധിതനായി വെന്റിലേറ്ററില്‍ കഴിഞ്ഞ സമയത്ത് അദ്ദേഹത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടന്ന സൈബര്‍ ആക്രമണങ്ങള്‍ മനുഷ്യത്വരഹിതമാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ കലാകാരന്മാരെ ഇത്തരത്തില്‍ ആക്രമിക്കുന്നത് കേരളത്തിന് യോജിച്ചതല്ല. വര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രശസ്ത വ്യക്തികള്‍ മരിക്കുമ്പോള്‍ വീടുകളില്‍ ഉണ്ടാകുന്ന അനിയന്ത്രിതമായ തിരക്കു കാരണം കുടുംബാംഗങ്ങള്‍ക്ക് മരണാനന്തര കര്‍മങ്ങള്‍ ചെയ്യാനോ, പോലീസിന് ഔദ്യോഗിക ബഹുമതി നല്‍കാനോ കഴിയാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. ഇതൊന്നും നമ്മുടെ നാടിന്റെ സംസ്കാരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: മംഗളൂരു സന്ദർശനത്തിനിടെ അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. മംഗളൂരുവിൽവച്ച് കണ്ടത് അദാനിയുടെ ഏജന്റിനെയല്ല, അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ അകന്ന ഒരു ബന്ധുവിനെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മംഗളൂരു വിമാനത്താവളത്തിൽവച്ച് അദ്ദേഹം വന്ന് കണ്ട് സംസാരിക്കുക മാത്രമാണുണ്ടായതെന്നും സതീശൻ വിശദീകരിച്ചു. കോഴിക്കോടും കാസർഗോഡും കുടുംബബന്ധങ്ങളുള്ള വ്യക്തിയാണ് അദ്ദേഹമെന്നും അദ്ദേഹത്തിന്റെ മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചിരിക്കുന്നത് കേരളത്തിലേക്കാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് അദാനിയുടെ ആളുകളെ കണ്ടിട്ട് എന്ത് നേടാനാണെന്നും സതീശൻ ചോദിച്ചു. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനെയും അദ്ദേഹം പരിഹസിച്ചു. വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്നും ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: നവകേരളാ യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിലെ പ്രതികളായ ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിയിൽ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. വിധിക്ക് പിന്നിലെ കാരണങ്ങൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
കോടതിയുടെ ദൈനംദിന നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇത്തരം തീരുമാനങ്ങൾ ഉണ്ടാകുന്നത്. കോടതി വിധിയിൽ പരസ്യമായി പ്രതിഷേധിക്കാനോ അഭിപ്രായം പറയാനോ സർക്കാരിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ മറ്റ് മാർഗങ്ങൾ സർക്കാരിന് മുന്നിലുണ്ടെന്നും അവയെല്ലാം കൃത്യമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർക്ക് ചൊവ്വാഴ്ചയാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ആലപ്പുഴ സെഷൻസ് കോടതിയാണ് കേസിൽ അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം നൽകിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെലികോപ്റ്റർ കരാർ തുടരണമെന്ന് പോലീസ് മേധാവി. ഓഗസ്റ്റിൽ വാടക കരാർ അവസാനിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിനോട് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കണമെന്ന് ഡിജിപി ശിപാർശ നൽകിയിരിക്കുന്നത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ ധൂർത്തെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. സാമ്പത്തിക മാന്ദ്യകാലത്ത് യുഡിഎഫ് സർക്കാർ ചെലവ് ചുരുക്കി മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം.
ഭരണപക്ഷത്തിരിക്കുന്ന യുഡിഎഫ് വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. പോലീസിന്റെ ഫണ്ടുപയോഗിച്ചാണ് ഒന്നാം പിണറായി സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്.
ടെണ്ടറില്ലാത്ത വാടകയ്ക്കെടുപ്പ് വിവാദമായതോടെ രണ്ടാം പിണറായി സർക്കാർ ടെണ്ടർ വിളിച്ചു. ചിപ്സണ്‍ ഏവിയേഷൻ അഞ്ച് വർഷത്തേക്ക് ടെണ്ടർ നേടിയിരുന്നു.
Leader Page
ഇന്ന് ലോക സമുദ്ര ദിനം. നമ്മളാരും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നൊരു ദിനം. പക്ഷേ, ഇത്തവണ അങ്ങനെയല്ല. പുതുയുഗത്തിലേക്ക് കേരളത്തെ നയിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്ന സ്വപ്ന പദ്ധതികളിലൊന്ന് സമുദ്രവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഈ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമായൊരു ദിനമാണിന്ന്.
600 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള സംസ്ഥാനമാണ് നമ്മുടേത്. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നര്‍ ടെര്‍മിനലും 17 ഇടത്തരം തുറമുഖങ്ങളുമുണ്ട്. ഇതെല്ലാം സംയോജിപ്പിച്ച് കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുകയെന്നത് ഈ സര്‍ക്കാരിന്റെ സ്വപ്നമാണ്. റോഡിലൂടെയുള്ള ചരക്കുനീക്കത്തിന്റെ അന്‍പത് ശതമാനമെങ്കിലും കടല്‍ വഴിയാക്കണം.
രണ്ടാം ഘട്ടത്തില്‍ ക്രൂയിസ് ഷിപ്പിംഗും മൂന്നാം ഘട്ടത്തില്‍ നദികളുമായി സംയോജിപ്പിച്ചുള്ള ടൂറിസം പദ്ധതികളുമാണ് ലക്ഷ്യം. കേരളം ഒരു തുറമുഖ നഗരമായി മാറുമ്പോള്‍ ലക്ഷക്കണക്കിനു തൊഴിലവസരങ്ങളുമുണ്ടാകും. ലോകത്തിന്റെ ഹബ്ബായി അറിയപ്പെടുന്ന ദുബായ് നഗരത്തിന്റെ ജിഡിപിയുടെ 28 ശതമാനമാണ് തുറമുഖത്തില്നിന്നു ലഭിക്കുന്നതെന്ന് ഓര്‍ക്കണം. അങ്ങനെ നോക്കുമ്പോള്‍ അനന്തമായ സാധ്യതകളാണ് നമ്മുടെ കടലും കടല്‍ത്തീരവും നമുക്കു മുന്നില്‍ തുറന്നിട്ടിരിക്കുന്നത്.
മനുഷ്യജീവിതത്തിനും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും കാലാവസ്ഥാ സന്തുലിതാവസ്ഥയ്ക്കും ജൈവ വൈവിധ്യ സംരക്ഷണത്തിനും ഭക്ഷ്യസുരക്ഷയ്ക്കും സുസ്ഥിര വികസനത്തിനും സമുദ്രങ്ങള്‍ വഹിക്കുന്ന നിര്‍ണായക പങ്ക് ഓര്‍മപ്പെടുത്തുന്നതാണ് ഈ ദിനാചരണം. ലോകത്തിന്റെ കാലാവസ്ഥാ വ്യവസ്ഥയെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നതിനൊപ്പം മൂന്നു ബില്യണിലധികം ജനങ്ങളുടെ ഉപജീവനം സമുദ്രവുമായി ബന്ധപ്പെട്ടു കിടക്കുകയാണ്.
സമുദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയും സമുദ്ര വിഭവങ്ങളുടെ സുസ്ഥിര പരിപാലനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാണ് ലോക വ്യാപകമായി സമുദ്ര ദിനം ആചരിക്കുന്നത്. 1992 ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടി സമ്മേളനത്തിലാണ് സമുദ്രത്തിന്റെ പ്രാധാന്യം സംബന്ധിച്ച ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
2008ല്‍ ഐക്യരാഷ്ട്ര സഭ ലോക സമുദ്ര ദിനം ഔദ്യോഗികമായി അംഗീകരിച്ചു. 150ലധികം രാജ്യങ്ങളില്‍ ആചരിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ബോധവത്കരണ പ്രചാരണങ്ങളിലൊന്നായി ഇത് വളര്‍ന്നു. സര്‍ക്കാരുകള്‍, ശാസ്ത്രജ്ഞര്‍, മാരിടൈം വ്യവസായങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിസ്ഥിതി സംഘടനകള്‍, തീരദേശ സമൂഹങ്ങള്‍ എന്നിവയെല്ലാം സമുദ്ര സംരക്ഷണത്തിനും സുസ്ഥിര വിഭവ മാനേജ്മെന്റിനുമായും ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന വേദിയാണ് ഈ ദിനം.
“നമ്മെ നിലനിര്‍ത്തുന്നതിനെ സംരക്ഷിക്കാം” എന്നതാണ് ഇത്തവണത്തെ സമുദ്ര ദിനത്തിന്റെ ആഗോള പ്രമേയം. സമുദ്ര സംരക്ഷണം, കാലാവസ്ഥാ പ്രതിരോധശേഷി, സുസ്ഥിര സമുദ്ര സമ്പദ് വ്യവസ്ഥ, സമുദ്ര ജൈവവൈവിധ്യ സംരക്ഷണം, സമുദ്രാധിഷ്ഠിത സുസ്ഥിര വികസന പരിഹാരങ്ങള്‍ എന്നിവയാണ് ഇത്തവണത്തെ ശ്രദ്ധാ മേഖലകള്‍.
സമുദ്ര സമ്പദ്വ്യവസ്ഥ ലോക വികസനത്തിന്റെ പ്രധാന ചാലകശക്തികളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ പ്രവര്‍ത്തനം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കല്‍, സമുദ്ര ജൈവവൈവിധ്യം, സമുദ്ര സമ്പദ് വ്യവസ്ഥ, സുസ്ഥിര വളര്‍ച്ച, ഹരിത കപ്പല്‍ ഗതാഗതം, കാര്‍ബണ്‍ രഹിതവത്കരണം എന്നിവയ്ക്കാണ് അഗോളതലത്തില്‍ പ്രധാനമായും മുന്‍ഗണന നല്‍കുന്നത്. ഹരിത തുറമുഖങ്ങള്‍, സ്മാര്‍ട്ട് ഷിപ്പിംഗ്, ഓഫ്ഷോര്‍ നവീന ഊര്‍ജ പദ്ധതികള്‍, സമുദ്ര നിരീക്ഷണ സാങ്കേതിക വിദ്യകള്‍, ബ്ലൂ കാര്‍ബണ്‍ സംരംഭങ്ങള്‍, സുസ്ഥിര അക്വാകള്‍ച്ചര്‍ എന്നിവയൊക്കെ കടലുമായി ബന്ധപ്പെട്ടുള്ള ആഗോളതലത്തിലെ സാധ്യതകളാണ്.
ഇന്ത്യയുടെ സമുദ്ര കവാടമെന്ന് കേരളത്തെ വിശേഷിപ്പിക്കാം. ചരിത്രപരമായും സാമ്പത്തികമായും സമുദ്രാധിഷ്ഠിത വികസനത്തിന് അനുയോജ്യമായ ഭൂപ്രദേശമാണിത്. സമ്പന്നമായ മത്സ്യസമ്പത്തും സമുദ്ര പൈതൃകവും അന്താരാഷ്ട്ര കപ്പല്‍ ഗതാഗത ബന്ധങ്ങളും വിനോദ സഞ്ചാര സാധ്യതകളും ആന്തരിക ജലഗതാഗത ശൃംഖലയുമെക്കെ ചേര്‍ന്ന് സമുദ്ര സമ്പദ് വ്യവസ്ഥയ്ക്ക് എന്തുകൊണ്ടും അനുയോജ്യമാണ് നമ്മുടെ നാട്.
17 നോണ്‍ മേജര്‍ തുറമുഖങ്ങള്‍, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചിന് തുറമുഖം, കൊച്ചിന് ഷിപ്പിയാര്‍ഡ്, നിരവധി മത്സ്യബന്ധന ഹാര്‍ബറുകള്‍, മൂന്ന് ദേശീയ ജലപാതകള്‍, ലോകപ്രശസ്തമായ തീരദേശ-കായല്‍ വിനോദ സഞ്ചാര മേഖലകള്‍ എന്നിവ കേരളത്തിന്റെ പ്രധാന സമുദ്ര ആസ്തികളാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ക്കുപോലും പ്രവേശിക്കാന്‍ കഴിയുന്ന ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമാണ്. ദക്ഷിണേഷ്യയിലെ മാതൃകാപരമായ സുസ്ഥിര തുറമുഖ വികസന പദ്ധതിയായി വിഴിഞ്ഞത്തിനു മാറാന്‍ കഴിയും.
കേരളത്തിന്റെ ഭാവി വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ചാലക ശക്തിയായി തുറമുഖ-മാരിടൈം മേഖലയെ മാറ്റണം. ഇതിനായി സുസ്ഥിര മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍, സമുദ്ര ജൈവ സാങ്കേതിക വിദ്യ, സമുദ്രാധിഷ്ഠിത നവീന ഊര്‍ജം, ലോജിസ്റ്റിക്സ്, കപ്പല്‍ നിര്‍മാണം, തീരദേശ വിനോദ സഞ്ചാരം, മാരിടൈം ക്ലസ്റ്ററുകള്‍, കയറ്റുമതി പ്രോസസിംഗ് മേഖലകള്‍ വെയര്‍ഹൗസിംഗ് സൗകര്യങ്ങള്‍, ഹരിത തുറമുഖങ്ങള്‍, ശുദ്ധ ഇന്ധനങ്ങള്‍, ക്രൂയിസ് ടൂറിസം, സമുദ്ര പൈതൃക ടൂറിസം, ഇക്കോ ടൂറിസം, സമുദ്ര വിനോദ പ്രവര്‍ത്തനങ്ങള്‍, മാരിടൈം സര്‍വകലാശാലകള്‍, നൈപുണ്യ വികസന കേന്ദ്രങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതേസമയം സമുദ്ര മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും തീര ശോഷണവും പ്ലാസ്റ്റിക് മാലിന്യങ്ങളും സമുദ്ര ആവാസ വ്യവസ്ഥകളെയും തീരദേശ സമ്പദ് വ്യവസ്ഥകളെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. ഈ വെല്ലുവിളികള്‍ അതിജീവിക്കേണ്ടതുണ്ട്.
ലോക സമുദ്ര ദിനം ഒരു പ്രതീകാത്മക ആഘോഷം മാത്രമല്ല. ജീവന് നിലനിര്‍ത്തുന്നതും സമ്പദ് വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നതും കാലാവസ്ഥയെ നിയന്ത്രിക്കുന്നതും രാഷ്ട്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും സമുദ്രങ്ങളാണെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. സമുദ്ര സംരക്ഷണം ഒരു പരിസ്ഥിതി ഉത്തരവാദിത്വം മാത്രമല്ല, അത് മനുഷ്യരാശിയുടെ ഭാവിയിലേക്കുള്ള നിക്ഷേപമാണ്. സുസ്ഥിര സമുദ്ര വികസനവും ഉത്തരവാദിത്വപരമായ സമുദ്ര ഭരണവും സമുദ്ര സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട സംരംഭങ്ങളും സമുദ്ര സംരക്ഷണവും വികസനനയങ്ങളുടെ കേന്ദ്ര ബിന്ദുവാകണം.
Kerala
തിരുവനന്തപുരം: യുഡിഎഫ് പുറത്തിറക്കിയ ധവളപത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് തയാറാക്കിയതെന്ന ഇടത് മുന്നണിയുടെ ആരോപണങ്ങൾ തള്ളി വിദഗ്ധ സമിതി. റിപ്പോർട്ടിലെ വിവരങ്ങൾ വിശകലനം ചെയ്യാൻ സംസ്ഥാന ധനവകുപ്പിലെ രഹസ്യ രേഖകൾ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലെന്നും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന രേഖകൾ മാത്രമാണ് ഇതിനായി ഉപയോഗിച്ചതെന്നും സമിതി അധ്യക്ഷനും മുൻ കാബിനറ്റ് സെക്രട്ടറിയുമായ കെ.എം. ചന്ദ്രശേഖർ വ്യക്തമാക്കി.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെയും സിഡിഎസിലെയും വിദഗ്ധരാണ് ഈ ധവളപത്ര റിപ്പോർട്ട് തയ്യാറാക്കിയതെന്നും ഇതിലെ മുഴുവൻ കാര്യങ്ങളും എഴുതിയത് വിദഗ്ധസമിതി നേരിട്ടാണെന്നും അദ്ദേഹം മീഡിയ വണിനോട് പ്രതികരിച്ചു. യുഡിഎഫിന്റെ ധവളപത്രം എ.ഐ സഹായത്തോടെയാണ് നിർമിച്ചതെന്നും ധനവകുപ്പിലെ അതീവ രഹസ്യരേഖകൾ ഇതിനായി എ.ഐ പ്ലാറ്റ്ഫോമുകൾ വഴി വിശകലനം ചെയ്തുവെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് ആരോപിച്ചിരുന്നു.
രണ്ട് എഐ ടൂളുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ റിപ്പോർട്ടിന്റെ ഗണ്യമായ ഭാഗം എ.ഐ നിർമിതമാണെന്ന് കണ്ടെത്തിയതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നും എന്നാൽ സംസ്ഥാനത്തിന്റെ രഹസ്യരേഖകൾ പബ്ലിക് ഡൊമെയ്നിലേക്ക് (പൊതു പ്ലാറ്റ്ഫോമുകളിലേക്ക്) നൽകിയതാണ് ഗുരുതരമായ പ്രശ്നമെന്നുമാണ് തോമസ് ഐസക് ഉന്നയിച്ച പ്രധാന വിമർശനം.
എന്നാൽ ഈ ആരോപണങ്ങളെല്ലാം പൂർണമായും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ കെ.എം. ചന്ദ്രശേഖർ, പൊതുരേഖകൾ മാത്രം ഉപയോഗിച്ച് സമിതി നേരിട്ടാണ് ധവളപത്രം രൂപപ്പെടുത്തിയതെന്ന് ആവർത്തിച്ചു.
Kerala
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര താരം സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. സലിം കുമാർ തനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ലായിരുന്നെന്നും, സ്വന്തം കൂടപ്പിറപ്പും കുടുംബാംഗവുമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
"എങ്ങനെ, എന്താണ് പറയേണ്ടതെന്ന് അറിയില്ല. അവസാനമായി ഏതാനും ദിവസങ്ങൾക്ക് മുൻപ് പറവൂരിലെ ജനങ്ങൾ എനിക്ക് നൽകിയ സ്വീകരണ വേദിയായിരുന്നു സലിം കുമാറിന്റെ അവസാന പൊതുപരിപാടി. ക്ഷീണിച്ച മുഖത്തെ ആ ചിരി ഇപ്പോഴും മനസിലുണ്ട്. എന്റെ മാത്രമല്ല, പറവൂരുകാരുടെ മുഴുവൻ മനസിലും അതുണ്ടാകും," വി.ഡി. സതീശൻ പറഞ്ഞു.
വടക്കൻ പറവൂരിന്റെ അഭിമാനമായിരുന്ന സലിം കുമാർ, സ്ഥാനമാനങ്ങൾക്ക് വേണ്ടി നിലപാടുകൾ മാറ്റാൻ മടിച്ച് നിന്ന ചലച്ചിത്ര മേഖലയിൽ, ഒന്നും ആഗ്രഹിക്കാതെ കോൺഗ്രസ് രാഷ്ട്രീയം പൊതുവേദികളിൽ തുറന്നുപറയാൻ തയ്യാറായ വ്യക്തിയായിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തന്റെ എല്ലാ തെരഞ്ഞെടുപ്പുകളിലും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുക എന്നത് സലിം കുമാർ സ്വന്തം അവകാശമായി ഏറ്റെടുത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ദാരിദ്ര്യവും കഷ്ടപ്പാടുമുള്ള സാധാരണ കുടുംബത്തിൽ ജനിച്ച് ദേശീയ പുരസ്കാര നിറവിലും ഓസ്കാർ നോമിനേഷനിലും വരെയെത്തിയ സലിം കുമാർ, ഹാസ്യം മാത്രമല്ല ഏത് ഗൗരവമേറിയ കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അപൂർവ പ്രതിഭയായിരുന്നു. വ്യക്തിബന്ധങ്ങളിൽ പുലർത്തിയ ആത്മാർത്ഥത അദ്ദേഹത്തെ പറവൂരിന്റെ പച്ചയായ മനുഷ്യരൂപമാക്കി മാറ്റിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
വിയോഗത്തിൽ തകർന്നിരിക്കുന്ന സലിം കുമാറിന്റെ ഭാര്യ സുനിതയെയും മക്കളെയും കുടുംബാംഗങ്ങളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പറഞ്ഞ വി.ഡി. സതീശൻ, ഇതൊരു നാടിന്റെ ആകെ ദുഃഖമാണെന്നും സലിം കുമാർ എന്ന അതുല്യ കലാകാരൻ തന്റെ കലയിലൂടെ നമ്മെ എപ്പോഴും ചിരിപ്പിച്ചുകൊണ്ടേയിരിക്കുമെന്നും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
Kerala
കൊച്ചി: വിട വാങ്ങിയ ചലച്ചിത്രതാരം സലിംകുമാറിനെ അനുസ്മരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും തനിക്ക് തന്റെ കൂടെപിറപ്പിനെയും നഷ്ടമായെന്ന് വി.ഡി.സതീശൻ പറഞ്ഞു.
തനിക്ക് സലിംകുമാര്‍ ചിരിയുടെ മണവാളന് മാത്രമായിരുന്നില്ലെന്നും അയാളും താനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം സലിംകുമാറിനെ അനുസ്മരിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം;
ചിരിയുടെ മണവാളന് മാത്രമായിരുന്നില്ല എനിക്ക് സലിംകുമാര്‍. അയാളും ഞാനും തമ്മില്‍ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്. എന്റെ നാടിന്റെ അഭിമാനമായൊരാള്‍. എനിക്കൊരു നിലപാടുണ്ടെന്ന് ഉറക്കെ പറഞ്ഞൊരാള്‍. വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് അല്‍പ്പം പോലും ഓര്‍ക്കാതെ രാഷ്ട്രീയ നിലപാടിന്റെ ദൃഢത ആവര്‍ത്തിച്ച് പറയുന്ന ഒരാള്‍. ഞാന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറയാന്‍ ആരെയും ഭയക്കാതിരുന്ന ധീരനായ കലാകാരന്.
എന്റെ തിരഞ്ഞൈടുപ്പുകളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാര്‍, പാര്‍ട്ടിയുടെ വിജയങ്ങളില്‍ അത്രമേല്‍ സന്തോഷിച്ച കൂടപിറപ്പ്, ഹാസ്യം മാത്രമല്ല എന്തും തനിക്ക് വഴങ്ങുമെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ പല തലങ്ങളിലും വഴികളിലും സലിം കുമാര്‍ ലോകാത്തര നിലവാരം കാട്ടി. ഒരു മുഖം കൊണ്ട് ചിരി പകരുമ്പോള്‍ മറുഭാഗത്ത് കണ്ണിരിന്റെ നനവ് ഹൃദയത്തിലേക്ക് പകരുകയായിരുന്നു സലിം കുമാര്‍. മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി. സലിം കുമാറിന് വിട.
Kerala
തിരുവനന്തപുരം: സംസ്ഥാനം ലക്ഷ്യമിടുന്നത് പ്രകൃതിസൗഹൃദ സുസ്ഥിര വികസനനയമാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്.
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മസ്കറ്റ് ഹോട്ടലില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാ വികസന പദ്ധതികളിലും കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവും പ്രധാന ഘടകങ്ങളായിരിക്കുമെന്നും പ്രകൃതിയെ തകര്‍ക്കാത്ത സുസ്ഥിര വികസനമാണ് സംസ്ഥാനത്തിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കിഫ്ബി പദ്ധതികളില്‍ വിവേചനം നടന്നതായും കിഫ്ബിക്ക് അനുവദിച്ച ഫണ്ടിന്റെ 19 ശതമാനവും കിട്ടിയത് കണ്ണൂര്‍ ജില്ലയ്ക്കാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്.
കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്കു പ്രകാരം കിഫ്ബിയുടെ ആകെ വരവ് 74,171 രൂപയാണ്. ഇതില്‍ 26,497 കോടി രൂപയാണ് സര്‍ക്കാര്‍ വിഹിതം. മോട്ടോര്‍ വെഹിക്കിള്‍ സെസ് ഇനത്തില്‍ പിരിച്ച 17,593 രുപയും ഇന്ധന സെസ് വഴി ലഭിച്ച 4929 കോടി രൂപയും ഇതില്‍ ഉള്‍പ്പെടുന്നു.
നബാര്‍ഡ്, ഹഡ്കോ പോലുള്ള സ്ഥാപനങ്ങളില്‍ നിന്നും വായ്പയായി 42,053 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ബാങ്ക് ലോണുകള്‍ വഴി 9200 കോടി രൂപയും മസാല ബോണ്ടില്‍ നിന്നും 2150 കോടിയും ലഭിച്ചിട്ടുണ്ട്. എന്നാല്‍ തിരിച്ചടവ് ഇനത്തില്‍ 3700 കോടി രൂപയും വരുമാനമായി 1920 കോടി രൂപയും ലഭിച്ചതായും കാണുന്നു.
വിവിധ ജില്ലകള്‍ക്ക് പദ്ധതികള്‍ അനുവദിക്കുന്നതില്‍ വിവേചനം കാട്ടിയതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കിഫ്ബി അംഗീകരിച്ച തുകയുടെ പകുതിയും മൂന്നു ജില്ലകള്‍ക്കായാണ് അനുവദിച്ചതെന്നും വി.ഡി. സതീശന് പറഞ്ഞു. അനുവദിച്ച തുകയുടെ 20 ശതമാനം തുക കണ്ണൂര്‍ ജില്ലയ്ക്കും 17 ശതമാനം തുക തിരുവനന്തപുരം ജില്ലയ്ക്കും 11 ശതമാനം തുക എറണാകുളത്തിനുമാണ് ലഭിച്ചത്.
അതേസമയം പത്തനംതിട്ട, ഇടുക്കി, കാസര്‍ഗോഡ്, വയനാട് ജില്ലകള്‍ക്ക് രണ്ടു ശതമാനത്തില്‍ താഴെ മാത്രം തുകയാണ് ലഭിച്ചത്. കണ്ണൂര്‍ ജില്ലയ്ക്ക് 24,406.54 കോടി രൂപയും തിരുവനന്തപുരം ജില്ലയ്ക്ക് 19,982.70 കോടി രൂപയും എറണാകുളം ജില്ലയ്ക്ക് 13,563.30 കോടി രൂപയുമാണ് വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചത്. വയനാടിന് 1,699.5 9 കോടിയും കാസര്‍ഗോഡിന് 5,326.91 കോടിയും ഇടുക്കിക്ക് 2,385.51 കോടിയുമാണ് അനുവദിച്ചത്.
കൊല്ലം 4,715.50 കോടി, ആലപ്പുഴ 6,589.84 കോടി, കോട്ടയം 4,046.13 കോടി, തൃശൂര്‍ 5,384.24 കോടി, പാലക്കാട് 17,893.34 കോടി, മലപ്പുറം 4,979.62 കോടി, കോഴിക്കോട് 5,545.18 കോടി എന്നിങ്ങനെയാണ് വിവിധ ജില്ലകള്‍ക്ക് അനുവദിച്ച തുകകള്‍.
Kerala
തിരുവനന്തപുരം: ഭരണമൊഴിയുന്പോൾ ട്രഷറിയിൽ 6,000 കോടി രൂപ മിച്ചമുണ്ടായിരുന്നു എന്ന മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാദം പൊള്ളയെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
കേന്ദ്ര ഗ്രാന്റ് ഉൾപ്പെടെയുള്ള തുകകൾ വന്ന ദിവസത്തെ കണക്കാണിത്. മേയ് 26 ആയപ്പോൾ ഇത് 2,211.93 കോടിയായി കുറഞ്ഞു. ബാധ്യതകൾ കൊടുത്തു തീർക്കാതെ തുക പിടിച്ചു വച്ച് ട്രഷറിയിൽ ബാലൻസ് ഉണ്ടായിരുന്നു എന്നു വാദിക്കുന്നതിൽ എന്തു കഴന്പാണുള്ളതെന്നു സതീശൻ ചോദിച്ചു.
കൈയിൽ പണമുണ്ടായിരുന്നു എങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ മൂന്നാം ഗഡു എന്തുകൊണ്ടു കൊടുത്തില്ല, പട്ടികജാതി കുട്ടികൾക്ക് 377 കോടി രൂപ കൊടുക്കാനുണ്ട്. മെഡിക്കൽ സർവീസസ് കോർപറേഷനു 476 കോടി രൂപ കൊടുക്കാനുണ്ട്.
കഴിഞ്ഞ രണ്ടു സാന്പത്തിക വർഷം ട്രഷറികളിലെ പ്രതിമാസ ബാലൻസ് മിക്ക മാസങ്ങളിലും നെഗറ്റീവ് ആയിരുന്നു എന്നു ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. 2024-25 വർഷം 125 ദിവസം വേയ്സ് ആൻഡ് മീൻസ് അഡ്വാൻസ് എടുത്തു. 2025-26 ൽ 262 ദിവസവും. ഈ രണ്ടു വർഷങ്ങളിലും യഥാക്രമം 67 ദിവസവും 84 ദിവസവും ട്രഷറി ഓവർഡ്രാഫ്റ്റിലായിരുന്നു.
Leader Page
ധവളപത്രത്തിൽ വിസ്മയങ്ങൾ ഇല്ല. അതിന്റെ അടിസ്ഥാനത്തിൽ വി.ഡി. സതീശനു വേണമെങ്കിൽ വിസ്മയങ്ങൾ ഉണ്ടാക്കാം. അതിന് അദ്ദേഹം ധൈര്യപ്പെടുമോ എന്നു രണ്ടാഴ്ച കഴിഞ്ഞേ അറിയാനാകൂ. അപ്പോഴാണു ബജറ്റ് അവതരിപ്പിക്കുക. സംസ്ഥാനത്തിന്റെ ധനനില ഒട്ടും തൃപ്തികരമല്ല എന്ന കണ്ടെത്തലിൽ പുതുമയില്ല.
2024ൽ 67ഉം 2025ൽ 84ഉം ദിവസം സംസ്ഥാനം ഓവർഡ്രാഫ്റ്റിലായിരുന്നു. ഇതിന്റെ ഇരട്ടിയും മൂന്നിരട്ടിയും വീതം ദിവസം വെയ്സ് ആൻഡ് മീൻസ് അഡ്വാൻസിലും ആയിരുന്നു. കടമായും അല്ലാതെയും ഉള്ള വരവുകൾ കൊണ്ടു കാര്യം നടക്കാതെ വരുമ്പോഴാണ് റിസർവ് ബാങ്കിന്റെ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നത്. (ഇവ ഉയർന്ന പലിശ ഈടാക്കുന്ന ഹ്രസ്വകാല വായ്പകളാണ് എന്നതു മറക്കരുത്).
സ്വന്തം വരവും കേന്ദ്രവിഹിതവും ബജറ്റിൽ പറഞ്ഞ വായ്പയുംകൊണ്ടു ചെലവു നടത്താനായില്ല. ഒടുവിൽ വർഷാന്ത്യ ദിവസമോ ഇറങ്ങിപ്പോകുന്ന ദിവസമോ ഖജനാവിൽ പണമുണ്ടെന്ന് അവകാശപ്പെടുന്നതിൽ എന്തു കേമമാണുള്ളത്?
കൊടുക്കാൻ പതിനായിരക്കണക്കിനു കോടി രൂപ
ആ നീക്കിയിരിപ്പിന്റെ പല മടങ്ങു തുക കൊടുത്തു തീർക്കാനും ഉണ്ട്. ജീവനക്കാരുടെ ക്ഷാമബത്ത 21,670 കോടി രൂപ, പെൻഷൻകാരുടെ ക്ഷാമാശ്വാസം 14,387 കോടി രൂപ, കരാറുകാർക്കു ബിൽ ഡിസ്കൗണ്ട് ചെയ്ത വകയിൽ ബാങ്കുകൾക്ക് 3431 കോടി രൂപ. മറ്റു ചില്ലറ ബാധ്യതകൾ കൂടി ചേർത്താൽ മൊത്തം 48,733 കോടി രൂപ. ഒരു വർഷം ബജറ്റിൽ വായ്പ എടുക്കുന്ന തുകയോളം വരുന്നു, ഈ കുടിശിക.
സർക്കാരിന്റെ കമ്മി കുറയ്ക്കാൻ ഭരണച്ചെലവ് കുറയ്ക്കണം. ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കു വരുമാനത്തിന്റെ 75 ശതമാനം ചെലവാക്കേണ്ടി വരുന്നു. സർക്കാർ സംവിധാനങ്ങൾ കൂടുതൽ ഡിജിറ്റൽ ആക്കണം എന്നു ധവളപത്രം നിർദേശിക്കുന്നു. എന്നാൽ ഇതുവഴി ഉദ്യോഗസ്ഥരെ കുറയ്ക്കണമെന്നു പറയുന്നില്ല. രാഷ്ട്രീയമായി സ്വീകാര്യമല്ലാത്ത ആശയമാണല്ലോ അത്. ആളെ കുറയ്ക്കാതെ കംപ്യൂട്ടറൈസേഷൻ നടത്തിയ വിദഗ്ധരാണല്ലോ കേരള ബ്യൂറോക്രസി.
തോന്നുംപടി ബജറ്റ് കണക്ക്
ബജറ്റുകൾ വേണ്ടത്ര ശ്രദ്ധയോടെ തയാറാക്കുന്നില്ല എന്ന ആക്ഷേപം വർഷങ്ങളായി ഉള്ളതാണ്. ധവളപത്രം കണക്കുകൾ ഉദ്ധരിച്ച് ഈ ആക്ഷേപം സ്ഥിരീകരിക്കുന്നു. നികുതി- നികുതിയിതര വരുമാനങ്ങൾ, ചെലവ്, റവന്യൂ കമ്മി, ധനകമ്മി ഇവയുടെയൊക്കെ ബജറ്റ് എസ്റ്റിമേറ്റും യഥാർഥ കണക്കും തമ്മിൽ പത്തു ശതമാനത്തിലധികം വ്യത്യാസം മിക്ക വർഷങ്ങളിലും ഉണ്ട്.
പൊതുമേഖല എന്ന ഭാരം
പൊതുമേഖലാ സ്ഥാപനങ്ങൾ ഭാരമാണ് എന്നു ധവളപത്രം വ്യക്തമാക്കി. 2024-25 ഒടുവിൽ പൊതുമേഖലയുടെ സഞ്ചിതനഷ്ടം 78,851 കോടി രൂപ ആയിരുന്നു. ഇത് ഇങ്ങനെ പോയാൽ എന്താകും? പൊളിച്ചെഴുത്തു വേണമെന്നു പറഞ്ഞതല്ലാതെ മാർഗങ്ങൾ ഇതിൽ നിർദേശിച്ചിട്ടില്ല. അപ്രസക്തമായ കുറേ സ്ഥാപനങ്ങൾ ഇല്ലാതാക്കാനോ സ്വകാര്യവത്കരിക്കാനോ ശ്രമിക്കേണ്ടതാണ്.
നല്ല ലാഭമുണ്ടാക്കുന്ന ബിവറേജസ് കോർപറേഷൻ ലാഭത്തിനു നികുതി നൽകുന്നു. അതേ സമയം സിവിൽ സപ്ലൈസ് കോർപറേഷൻ വലിയ നഷ്ടത്തിൽ ഓടുന്നു. ഇവ ഒന്നിപ്പിച്ച് ഒരു കോർപറേഷന്റെ രണ്ട് ഉപകമ്പനികളായി നടത്തിയാൽ നികുതി ലാഭിക്കാം എന്ന ശിപാർശ ധവളപത്രത്തിൽ ഉണ്ട്.
വൈദ്യുതി ഉണ്ടാക്കാൻ
സംസ്ഥാനത്തു വൈദ്യുതി ഉത്പാദനം കൂട്ടുന്നതിനു ധവളപത്രം നിർദേശിക്കുന്നത് കേന്ദ്ര പൊതുമേഖലാ കമ്പനികളെയും സ്വകാര്യ മേഖലയെയും ക്ഷണിക്കണം എന്നാണ്. കായംകുളത്ത് എൻടിപിസിയുമായും ബ്രഹ്മപുരത്ത് റിലയൻസുമായും ഉണ്ടാക്കിയ കരാറുകളുടെ വലിയ ബാധ്യത ഇപ്പോഴും തുടരുന്നു. ചില ജലവൈദ്യുത പദ്ധതികളിലെ സഹകരണ കരാറുകളും സംസ്ഥാനത്തിനു നഷ്ടമായാണ് മാറിയത്. ഈ അനുഭവങ്ങൾ വച്ചുകൊണ്ടു കരാർ ഉണ്ടാക്കുന്നില്ലെങ്കിൽ തട്ടിപ്പുകാർക്കു കൊയ്ത്തിന് അവസരമാകും.
ഉപയോഗിച്ച വെള്ളം വീണ്ടും ഡാമിൽ എത്തിച്ചും ചെറുകിട ആണവ റിയാക്ടറുകൾ സ്ഥാപിച്ചും പുനരുപയോഗ ഊർജ പദ്ധതികൾ നടപ്പാക്കിയും വൈദ്യുതി ഉത്പാദനം കൂട്ടണമെന്നാണു ധവളപത്രത്തിലെ ശിപാർശ.
ധവളപത്രം സംസ്ഥാന ധനകാര്യത്തിന്റെ പ്രധാന രോഗലക്ഷണങ്ങൾ ശരിയായി നിർവചിച്ചു. യഥാർഥരോഗം ബ്യൂറോക്രസിയുടെ അമിത എണ്ണവും വെള്ളാനകളായ പൊതുമേഖലാ സ്ഥാപനങ്ങളുമാണ്.
സതീശൻ സർക്കാർ രോഗത്തിനു ചികിത്സിക്കുമോ? ആ ചികിത്സ രാഷ്ട്രീയമായി കയ്പേറിയതാണ്. എന്നാൽ കേരളത്തിന്റെ നല്ല ഭാവിക്ക് അത്യാവശ്യവും. വി.ഡി. സതീശൻ ജനപ്രിയതയ്ക്കാണോ രാഷ്ട്രതന്ത്രജ്ഞതയ്ക്കാണോ പ്രാധാന്യം നൽകുന്നതെന്നു വരും ദിവസങ്ങളിൽ അറിയാം.
Kerala
തിരുവനന്തപുരം: മോസ്കോയിൽ മഴപെയ്യുന്പോൾ തിരുവനന്തപുരത്ത് കുടപിടിക്കുന്ന കമ്യൂണിസ്റ്റുകാരാണ് കേരളത്തിലുള്ളതെന്ന പരിഹാസവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ.
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ കമ്യൂണിസ്റ്റുകാർ ബ്രിട്ടീഷുകാരെ സഹായിച്ചുവെന്ന ആര്യാടൻ ഷൗക്കത്തിന്റെ പരാമർശത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചതിനു മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
രണ്ടാം ലോകമഹായുദ്ധ കാലത്ത് സോവ്യറ്റ് യൂണിയൻ നിക്ഷ്പക്ഷമായിരുന്നെന്നും പിന്നീട് ബ്രിട്ടനൊപ്പം ചേർന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റാണെന്നു മുഖ്യമന്ത്രി പറഞ്ഞു. 1939ൽ സ്റ്റാലിൻ- ഹിറ്റ്ലർ ഉന്പടിയുണ്ടായിരുന്നു. അന്ന് ഇന്ത്യയിലെയും കേരളത്തിലെയും കമ്മ്യൂണിസ്റ്റുകാർ സോവ്യറ്റ് യൂണിയനിലെ സ്റ്റാലിൻ പറയുന്നതേ കേൾക്കൂ. സ്റ്റാലിൻ അന്നും ഹിറ്റ്ലർക്കൊപ്പമായിരുന്നു.
ഹിറ്റ്ലർ സോവ്യറ്റ് യൂണിയനെ ആക്രമിച്ചപ്പോൾ മാത്രമാണ് സ്റ്റാലിൻ മാറിയത്. മോസ്കോയിൽ മഴ പെയ്താൽ തിരുവനന്തപുരത്ത് കുട പിടിച്ച് നടക്കുന്ന കമ്മ്യൂണിസ്റ്റുകാരാണ് ഇവിടെയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാലിന്റേ അടവ് നയമായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
എന്നാൽ സ്റ്റാലിനും ഹിറ്റ്ലറും എതിരാളികളെയും സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരെയും പോളിറ്റ് ബ്യൂറോയിൽ ഉള്ളവരെയും കൊല്ലുകയെന്ന പണിയാണ് ചെയ്തുകൊണ്ടിരുന്നത്. അല്ലാതെ ഫാസിസത്തിനെതിരെ സ്റ്റാലിന് ഒരു നിലപാടും ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രിട്ടീഷുകാരോട് പോരാടുന്പോഴും ഫാസിസത്തിനും നാസിസത്തിനും എതിരെ കോണ്‍ഗ്രസിന് നിലപാടുണ്ടായിരുന്നു. ഫാസിസം ലോകത്തെ അപകടത്തിലേക്ക് എത്തിക്കുമെന്ന് തിരിച്ചറിയാനുള്ള ബുദ്ധി മഹാത്മാ ഗാന്ധിക്കും ജവഹർലാൽ നെഹ്റുവിനും ഉണ്ടായിരുന്നു.
മലബാർ കലാപത്തിലെ ഒറ്റുകാരായിരുന്നില്ല കോണ്‍ഗ്രസുകാർ. ഒറ്റുകാർ സ്റ്റാലിൻ- ഹിറ്റ്ലർ ഉടന്പടിയുണ്ടായിരുന്ന കാലത്ത് കോണ്‍ഗ്രസുകാരുടെ ഒളിത്താവളം ബ്രിട്ടീഷുകാർക്ക് കാട്ടിക്കൊടുത്ത കമ്മ്യൂണിസ്റ്റുകാരായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രി വി.ഡി സതീശനെ നിയമസഭയിൽ സന്ദർശിച്ചു.
കേസ് നടത്തിപ്പിൽ സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പു നൽകി. വീട് നൽകുമെന്ന് കഴിഞ്ഞ സർക്കാർ നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന പരാതിയും മധുവിന്റെ മാതാവ് ഉന്നയിച്ചു. പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
Kerala
തിരുവനന്തപുരം: ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ചതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര്. മുൻ ധവളപത്രങ്ങൾ പൊളിറ്റിക്കൽ രേഖ ആയിരുന്നെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് പിന്നാലെയാണ് പോര് ആരംഭിച്ചത്.
ധവളപത്രം തയാറാക്കിയത് ധനവകുപ്പ് അല്ലെന്നും ഇത് പൊളിറ്റികൾ രേഖ ആണെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ പ്രസ്താവന ആണെന്ന് മുഖ്യമന്ത്രി സഭയിൽ മറുപടി പറഞ്ഞു. ധവളപത്രം വായിച്ച് പോലും നോക്കിയിട്ടില്ല. പ്രതിപക്ഷ നേതാവിന് മുൻവിധിയാണെന്നും തങ്ങൾക്ക് തങ്ങളുടെ രീതി ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധവളപത്രം തയാറാക്കേണ്ടത് ധനവകുപ്പ് ആണെന്നും ഇത് തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിയോജിപ്പ് പ്രകടമാക്കിയിരുന്നു.
എന്നാൽ, ബാലഗോപാലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഒരു രേഖയും പുറത്ത് പോയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമധ്യത്തിൽ ഉള്ള രേഖകൾ ആണ് ഇതെല്ലാം. തയാറാക്കിയത് വകുപ്പ് ഉദ്യോഗസ്ഥർ ആണ്. മന്ത്രിസഭ അംഗീകരിച്ചതാണ് ധവള പത്രം. ഒരു രഹസ്യ രേഖയും ഇല്ല. ധനവകുപ്പിന്റെ നേതൃത്വത്തിലാണ് തയാറാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്നു നിയമസഭയിൽ വയ്ക്കും. ധവളപത്രത്തിൽ സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര നിര്‍ദേശങ്ങളുമുണ്ടാകും.
രാവിലെ എട്ടിനു ചേരുന്ന മന്ത്രിസഭാ യോഗം ധവളപത്രത്തിന് അന്തിമ അംഗീകാരം നൽകും. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ചു ധവളപത്രം തയാറാക്കിയത്.
സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) ഡയറക്ടർ ഡി. വീരമണി, മുൻ സിഡിഎസ് ഡയറക്ടർ ഡി. നാരായണ എന്നിവർ സമിതിയിലെ മറ്റ് അംഗങ്ങളായിരുന്നു. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലാണ് സമിതിയുടെ കൺവീനർ.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അധികാരത്തിലെത്തിയാൽ ധവളപത്രം പുറത്തിറക്കുമെന്നത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. സർക്കാർ രൂപീകരണത്തിനു പിന്നാലെ ധനവകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാന സർക്കാരിന്റെ വരുമാന-ചെലവ് കണക്കുകൾ, വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ വിലയിരുത്തലുകൾ ധവളപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
വിവിധ പദ്ധതികൾക്കായി കേന്ദ്ര സർക്കാരിൽനിന്നു ലഭിച്ച ഫണ്ടുകളുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ, ധനകാര്യ മാനേജ്മെന്റി വീഴ്ചകൾ ഉൾപ്പെടെയുള്ള കാര്യങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.
Kerala
പാലക്കാട്: മുഖ്യമന്ത്രി വി.ഡി. സതീശനെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്ത് പോലീസ്. ഒറ്റപ്പാലം സ്വദേശി രാജനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ. ജയരാജന്റെ പരാതിയിലാണ് ഒറ്റപ്പാലം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മേയ് 29ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഫേസ്ബുക്കിലൂടെ ആയിരുന്നു അധിക്ഷേപ പോസ്റ്റ് പങ്കുവച്ചത്.
സമൂഹത്തിൽ ലഹളയും വിദ്വേഷവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കുവച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ദുരന്ത നിവാരണ സംവിധാനം രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ അറിയിച്ചു.
മഴക്കാലത്തെ ഗൗരവമായി കാണും. പ്രളയമുണ്ടായ 2018ലേതിനെക്കാൾ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുമെന്നും സജി ചെറിയാന്റെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് അഥോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയ പാത പണി നടക്കുന്നിടങ്ങളിൽ അപകട സാധ്യതയുളള സ്ഥലങ്ങൾ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ പരിശോധിച്ചു.
ഡാം സുരക്ഷാ പരിശോധന പൂർത്തിയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് സർക്കാർ പ്രഥമ പരിഗണന നൽകും. മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധികൾ തടയാനുള്ള നടപടികൾ മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച ലഹരി പ്രതിരോധ കർമപദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്കു തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.
ലഹരി മാഫിയയെ കേരളത്തിൽനിന്നു തുരത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന മയക്കുമരുന്നു മാഫിയയ്ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ രാജ്യത്തിനു മാതൃകയായ കേരളം മയക്കുമരുന്ന് വ്യാപനത്തിന്റെ വെല്ലുവിളി നേരിടേണ്ടിവരുന്നത് അതീവ ദൗർഭാഗ്യകരമാണ്.
മയക്കുമരുന്നിന്റെ സ്വാധീനത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടുതൽ ക്രൂരമാവുകയാണ്. ലഹരി ഉപയോഗം കുടുംബബന്ധങ്ങളെപ്പോലും തകർക്കുന്ന സംഭവങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം യുവജനതയാണെന്നും കേരളത്തിന്റെ ഭാവി പുരോഗതിക്ക് കരുത്താകേണ്ട ഈ യുവത്വത്തെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നതെന്നും അതിൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ പദ്ധതിക്കു നേതൃത്വം നൽകിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും പോലീസ്, എക്സൈസ് സേനകളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കുമെന്നും മയക്കുമരുന്ന് ഇടപാടുകാർക്കെതിരേ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ‘നോ എക്സ്ക്യൂസസ്’ നിലപാടായിരിക്കും പോലീസ് സ്വീകരിക്കുകയെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
വരും തലമുറയ്ക്കു വേണ്ടിയുള്ള ഈ പദ്ധതി എക്സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായാണു നടപ്പാക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി ഐ.ജി. ഇന്റലിജൻസ് പുട്ട വിമലാദിത്യയെയാണ് നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെല്ലും, ക്രൈം ബ്രാഞ്ചും ഉൾപ്പെടെയുള്ള പോലീസ് സംവിധാനം ജില്ലാതലങ്ങളിൽ ഊർജസ്വലമായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എൻ. ഷംസുദീൻ തൂഫാൻ അംബാസഡർമാരായ വിദ്യാർഥികൾക്ക് പദ്ധതിയുടെ ഫ്ളാഗ് കൈമാറി. മന്ത്രിമാരായ എം. ലിജു, സി.പി. ജോണ്‍, ശശി തരൂർ എംപി എന്നിവർ പദ്ധതിക്ക് ആശംസ അറിയിച്ചു.
Business
കൊച്ചി: കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഭാരവാഹികൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി പ്രീ ബജറ്റ് ചർച്ച നടത്തി.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ്. അബ്ദുൾ നാസർ, വർക്കിംഗ് പ്രസിഡന്റ് പി.കെ. ഐമുഹാജി തുടങ്ങിയവർ പങ്കെടുത്തു.
കെ-വാറ്റ് കുടിശികകൾ എഴുതിത്തള്ളുക, സമാന്തര സ്വർണവ്യാപാരം നിയന്ത്രിക്കുക തുടങ്ങി സ്വർണ മേഖലയ്ക്ക് അനുകൂലമായ തീരുമാനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
Kerala
കാസർഗോഡ്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്ത് പോലീസ്. വി.ഡി. സതീശന്റെ അർധനഗ്ന ഫോട്ടോ കൃത്രിമമായി നിർമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി.
കാസർഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചിറ്റാരിക്കാൽ പോലീസിന്റേതാണ് നടപടി. വാട്സ് ആപ് ഗ്രൂപ്പിലൂടെയാണ് പ്രതികൾ ചിത്രം പ്രചരിപ്പിച്ചത്.
ഈസ്റ്റ് എളേരി എന്ന വാട്സ്ആപ് കൂട്ടായ്മയിലാണ് പ്രതികൾ ചിത്രം പങ്കുവച്ചത്. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ പ്രവർത്തിച്ചുവെന്ന് എഫ്ഐആറിൽ വിവരിക്കുന്നുണ്ട്. ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.എ. ജോർജ് നൽകിയ പരാതിയിലാണ് നടപടി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം: മധ്യവേനലവധിക്കു ശേഷം പുതിയ അധ്യയന വർഷത്തിനു തുടക്കം കുറിച്ച് സ്കൂളുകൾ തുറന്നു. 42 ലക്ഷം വിദ്യാർഥികളാണ് ഇന്ന് വിവിധ സ്കൂളുകളിലായി എത്തിയത്.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത മന്ത്രി സി.പി. ജോൺ, മറ്റ് ജനപ്രതിനിധികൾ, കലാ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കുട്ടികളിൽ സൈബർ സുരക്ഷ സംബന്ധിച്ച ബോധവൽക്കരണം ലക്ഷ്യമിട്ടു കേരള പൊലീസ് സൈബർ ഡോം നടപ്പാക്കുന്ന കിഡ് ഗ്ലൗ പദ്ധതിയുടെ ഭാഗമായി എല്ലാ പ്രവേശനോത്സവ ചടങ്ങുകളിലും സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഇന്ദിരാ ഗാരന്റികളും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രണ്ട് ഗാരന്റികൾ സർക്കാർ പ്രഖ്യാപിച്ചു. മറ്റുള്ളവ സാമ്പത്തിക കാര്യങ്ങൾ പരിശോധിച്ച് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളം പുതുയുഗത്തിലേക്ക് ചുവടുവയ്ക്കുകയാണ്. വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ഹബ്ബാക്കി കേരളത്തെ മാറ്റും. ഉന്നത വിദ്യാഭ്യാസമേഖലയെ ആധുനീകരിക്കും. പുതിയ അറിവുകൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലെ ഇഡി റെയ്ഡിലും തുടർന്നുള്ള സംഭവങ്ങളിലും മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിലും കേരളത്തിലും മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചിട്ടും വിഷയത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
ബക്രീദ് ആശംസിക്കാനായി പാണക്കാട്ടെത്തിയ ശേഷമായിരുന്നു മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് മലബാറിൽ എത്തുന്നതെന്നും വിശേഷ ദിവസത്തിലാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇഡി റെയ്ഡിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
നേരത്തെ, ഡൽഹിയിൽ മാധ്യമപ്രവർത്തകർ നാലുതവണയായി വിഷയത്തെക്കുറിച്ച് ചോദിച്ചെങ്കിലും മറുപടി നല്‍കിയിരുന്നില്ല.
റെയ്ഡിന് പിന്നിൽ ബിജെപി- കോൺഗ്രസ് കൂട്ടുകെട്ടാണെന്നും വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിന്നാലെയാണ് റെയ്ഡെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
Kerala
കൊച്ചി: മുനമ്പത്ത് ശാശ്വതമായ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ച നടത്തി. വി.ഡി. സതീശന്റെ ദേശത്തെ വീട്ടിലാണ് ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ച നടന്നത്. മുനമ്പം സമരസമിതിയിലെ മൂന്നു നേതാക്കളാണ് ചർച്ചയ്ക്കെത്തിയത്.
അതേസമയം, സമരസമിതിക്ക് മുഖ്യമന്ത്രി പ്രത്യേകിച്ച് ഉറപ്പുകളൊന്നും നൽകിയിട്ടില്ലെന്നാണ് വിവരം. വിഷയം ഇരുകൂട്ടർക്കും സൗകര്യപ്രദമായ ദിവസം വിശദമായി തന്നെ ചർച്ചചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തങ്ങളുടെ ആശങ്കകൾ മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചുവെന്നും വിഷയം വിശദമായി ചർച്ച ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചതായും സമരസമിതി നേതാവ് ജോസഫ് ബെന്നി പറഞ്ഞു.
വഖഫ് ബോർഡ് മുനമ്പത്തെ ഭൂമി കേന്ദ്ര സർക്കാരിന്റെ "ഉമീദ്' പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനിടെയാണ് കൂടിക്കാഴ്ച.
National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി. ഡി. സതീശൻ. ന്യൂഡൽഹിയിൽ വച്ച് ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു കൂടിക്കാഴ്ച. വികസന കാര്യങ്ങളും വിവിധ കേന്ദ്ര പദ്ധതികളുടെ പുരോഗതിയും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനകാര്യമന്ത്രി നിർമല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും നടത്തിയ ആദ്യ കൂടിക്കാഴ്ചയാണിത്.
അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇഡി നടത്തിയ റെയ്ഡ് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പ്രതികരിച്ചില്ല. രാത്രി 7.20ന്റെ വിമാനത്തിൽ അദ്ദേഹം കൊച്ചിക്ക് പുറപ്പെട്ടു.
National
ന്യൂഡൽഹി: ഡൽഹിയിൽ തുടരുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം അഞ്ചരയോടെയാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സതീശൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷ സാഹചര്യം വ്യക്തമാക്കിയേക്കും. വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രധാനമന്ത്രിയുമായുള്ള 20 മിനിറ്റ് കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി.ഡി. സതീശന്റെ ആദ്യ കൂടിക്കാഴ്ചയായിരുന്നു. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രി മടങ്ങും.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശന്. പ്രധാനമന്ത്രിയുടെ സേവാതീര്‍ഥിലെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വികസനവും വിവിധ പദ്ധതികള്‍ക്കായുള്ള കേന്ദ്രസഹായവും ചര്‍ച്ചയായതായാണ് സൂചന.
എയിംസ്, മെട്രോ, റെയില്‍വെ വികസനം, തുറമുഖ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. മുഖ്യമന്ത്രിയായശേഷം ആദ്യമായാണ് വി.ഡി. സതീശൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് വൈകുന്നേരം അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളെ കാണും.
കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായും കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി ബുധനാഴ്ച കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായെയും കാണും.
Kerala
തൃശൂര്‍: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഗുരുവായൂർ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി. ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
ചട്ട ലംഘനം നടന്നിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥന്റെ പരിശോധന. ക്ഷേത്ര ഗോപുരത്തിലെ രേഖകൾ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധിക്കും. സ്ഥലത്തുണ്ടായവരിൽ നിന്ന് മൊഴി രേഖപ്പെടുത്തും.
മന്ത്രി എ.പി. അനില്‍കുമാറിന്റെ മകന്റെ വിവാഹത്തിനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി വിഐപി ദര്‍ശനത്തിന് വിലക്കുള്ള ഞായറാഴ്ച രാവിലെ ദര്‍ശനം നടത്തിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനം പുലര്‍ച്ചെ മുതല്‍ കാത്തുനിന്ന ഭക്തര്‍ക്ക് തടസമുണ്ടാക്കിയെന്ന് കാണിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണനാണ് പരാതി നല്‍കിയത്.
എന്നാല്‍, ഞായറാഴ്ച ദര്‍ശനം നടത്തിയത് നിയമാനുസൃതമായി ചീട്ടെടുത്താണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. നെയ് വിളക്ക് ശീട്ടാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാറും വ്യക്തമാക്കി.
ക്ഷേത്രത്തില്‍ നെയ് വിളക്ക് ചീട്ടാക്കുന്നയാള്‍ക്ക് വരിനില്‍ക്കാതെ ദര്‍ശനം അനുവദിക്കുക പതിവുണ്ട്. ക്ഷേത്രത്തിലേക്ക് സതീശനെ സ്ഥിരമായി അനുഗമിക്കാറുള്ള മുന്‍ ദേവസ്വം ജീവനക്കാരന് ടി.കെ. ഗോപാലകൃഷ്ണന് അഞ്ച് നെയ് വിളക്കിന് ശീട്ടാക്കിയിരുന്നു.
അഞ്ച് പേര്‍ക്ക് കയറാമെന്നിരിക്കേ മുഖ്യമന്ത്രി ഉള്‍പ്പടെനാല് പേരാണ് ദര്‍ശനത്തിനായി കയറിയത്. മറ്റ് ഭക്തര്‍ക്ക് തടസമുണ്ടാക്കാതെയാണ് മുഖ്യമന്ത്രി ദര്‍ശനം നടത്തിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാറും വിശദീകരിച്ചു.
Kerala
കോഴിക്കോട്: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ പിഴവിന് ഇരയായ ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും. മെഡിക്കൽ കോളജിലെ മാതൃശിശു കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡറായാണ് നിയമനം.
രാവിലെ പത്തോടെ കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിൽ നിന്നും ഹർഷിന നിയമന ഉത്തരവ് കൈപ്പറ്റും. ചൊവ്വാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശനുമായും ആരോഗ്യ മന്ത്രി കെ. മുരളീധരനുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ജോലി സംബന്ധിച്ച തീരുമാനമുണ്ടായത്.
2017ൽ ആയിരുന്നു പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. 2022ൽ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തു. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയിൽ തറച്ച് നിൽക്കുകയായിരുന്നു.
ഹർഷിന നൽകിയ പരാതിയിൽ കേസെടുത്ത മെഡിക്കൽ കോളജ് പോലീസ് ഡോക്ടർമാരും രണ്ട് നഴ്സുമാരെയും പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സേവാതീർഥിലെ ഓഫീസില്‍ ആണ് കൂടിക്കാഴ്ച നടക്കുക. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള സതീശന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.
പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ സംബന്ധിച്ച് ചർച്ചയുണ്ടായേക്കും. വിവിധ വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനുമായും വി.ഡി. സതീശന് കൂടിക്കാഴ്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം.